
സുൽത്താൻ ബത്തേരി: വിവാദമായ മുട്ടിൽ മരംമുറിക്കൽ കേസിൽ 84,600 പേജുള്ള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി വി.വി. ബെന്നി സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. അഗസ്റ്റിൻ സഹോദരന്മാരടക്കം 12 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
റവന്യുവകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറപറ്റിയാണ് സംരക്ഷിത ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയത്. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർക്കൊപ്പം മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ കെ.കെ.അജി, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവർ പ്രതികളാണ്. അഗസ്റ്റിൻ സഹോദരന്മാരുടെ ഡ്രൈവർ വിനീഷ്, മരംമുറിക്കലിന് ഇടനിലക്കാരും മരം വാങ്ങിയവരുമായ ചാക്കോ, സുരേഷ്, അബൂബക്കർ, നാസർ,രവി, മനോജ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
കുറ്റപത്രത്തിൽ 420 സാക്ഷികളെയാണ് ഉൾപ്പെടുത്തിയത്. റവന്യൂവകുപ്പിന്റെ കെ.എൽ.സി നടപടിക്ക്‌ശേഷം അനുബന്ധ കുറ്റപത്രവും സമർപ്പിക്കും. മരംമുറിക്കലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 43 കേസിൽ ഒരു കേസിന്റെ കുറ്റപത്രമാണ് ഇന്നലെ കോടതിയിൽ സമർപ്പിച്ചത്.
മരങ്ങളുടെ ഡി.എൻ.എ പരിശോധന ആദ്യസംഭവം
മരങ്ങളുടെ ഡി.എൻ.എ പരിശോധന ക്രിമിനൽ കേസിൽ ആദ്യമായാണെന്ന പ്രത്യേകതയും മുട്ടിൽ മരംമുറിക്കൽ കേസിനുണ്ട്. അഞ്ഞൂറ് വർഷത്തിലധികം പഴക്കമുള്ള ഈട്ടിമരങ്ങളും മുറിച്ച് കടത്തിയവയിൽ ഉൾപ്പെടുന്നുണ്ട്. മരങ്ങളുടെ ഡി.എൻ.എ പരിശോധനാഫലം കേസിൽ നിർണായക തെളിവാകും.