gopi

കൽപ്പറ്റ: വിവര സാങ്കേതിക വിദ്യയുടെ പ്രളയകാലത്ത് കത്തെഴുത്തോ? അതും പോസ്റ്റ് കാർ‌ഡിൽ? പ്രാകൃതം എന്ന് ആർക്കെങ്കിലും തോന്നിയാലും ആലോസരമില്ല. കവി പി.കെ.ഗോപിക്ക് കാർഡെഴുത്ത് ഇന്നും ജീവവായു പോലെ.

ദിവസം ഒരു കാർഡെങ്കിലും എഴുതാതെ കവിക്ക് ഉറക്കമില്ല. അഞ്ച് പൈസ വിലയുളള കാർഡിൽ പന്ത്രണ്ടാമത്തെ വയസിൽ തുടങ്ങിയതാണ് കാർഡെഴുത്ത്. എഴുപത്തിനാലാമത്തെ വയസിലും തുടരുന്നു. ഇന്ന് 50 പൈസയാണ് വില.എഴുതാൻ ഏകാഗ്രത, ചുരുക്കി പറയാനുളള ശീലം, സഹൃദയത്വം തുടങ്ങിയവയെല്ലാം വേണം. അത് അയയ്ക്കുമ്പോഴും സ്വീകരിക്കുമ്പോഴും ആനന്ദം.
പത്തനംതിട്ട ജില്ലയിലെ അങ്ങാടിക്കൽ എസ്.എൽ.വി ഹൈസ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയായിരിക്കുമ്പോൾ മലയാളം അദ്ധ്യാപകന്റെ നിർബന്ധപ്രകാരം കൈയെഴുത്ത് മത്സരത്തിൽ പങ്കെടുത്തു. മനസിൽ തോന്നിയതെന്തോ കുറിച്ചയച്ചു. സമ്മാനം ലഭിച്ച വിവരം തപാലിലൂടെ അറിഞ്ഞു. ആ എഴുത്ത് കാർഡിൽ ശീലമാക്കി. കടലാസ് വാങ്ങാൻ കാശില്ലാത്തതിനാൽ അക്ഷരം ചെറുതാക്കി സ്ഥലം ലാഭിച്ചു. മൂന്ന് പേജിലെ വക ഒറ്റപ്പേജിലൊതുക്കി.ആ പിശുക്ക് സ്വഭാവമായി.'വലുതായാലും ചെറുതായാലും വസ്തുത ഒന്നുതന്നെ. ആൽമരമായാലും പുൽക്കൊടിയായാലും പ്രാണൻ ഒന്നുതന്നെ.നീർച്ചോലയായാലും മഹാനദിയായാലും ജലം ഒന്നുതന്നെ."കവി പറയുന്നു. കാർഡ് അയയ്ക്കുന്ന നിരവധി സുഹൃത്തുക്കളുണ്ട്.ഒന്നാം പേരുകാരൻ ജോൺ പൂക്കായി. രണ്ടാമൻ മണമ്പൂർ രാജൻ ബാബു. കത്ത് അനശ്വരമാകുന്നു.അത് എവിടെയെങ്കിലും സമാനഹൃദയന്റെ ഓർമ്മച്ചെപ്പിൽ സ്ഥാനം നേടും.സ്നേഹത്തിന്റെ മൂല്യം കുറിച്ച കാർഡ് നിധി പോലെ ഭദ്രം.