tiger

സുൽത്താൻ ബത്തേരി: കടുവകളെ പിടികൂടി പരിപാലിക്കുന്നതിനായി കുപ്പാടിയിൽ സ്ഥാപിച്ച ആനിമൽ ഹോസ് പെയ്സ് സെന്ററിൽ സ്ഥലപരിമിതി പ്രശ്നമാകുന്നു. വാകേരി മൂടക്കൊല്ലിയിൽ ക്ഷീരകർഷകനെ കൊന്ന് തിന്ന കടുവയെ കൂട് വച്ചോ ,മയക്കുവെടിവച്ച് പിടികൂടുകയോ ചെയ്താൽ ഇതിനെ എന്തുചെയ്യുമെന്നാണ് വനപാലകരെ അലട്ടുന്ന പ്രശ്നം. നാല് കടുവകളെ പരിപാലിക്കുന്നതിന് വേണ്ട സൗകര്യത്തോടെയാണ് പാലിയേറ്റീവ് സെന്റർ തുടങ്ങിയത്. പിന്നീട് രണ്ട് കടുവകളെ ഇവിടേക്ക് കൊണ്ടുവന്നതോടെ സ്ഥലസൗകര്യം ഉണ്ടാക്കിയാണ് ആറെണ്ണത്തിനെയും താമസിപ്പിച്ചത്.
കടുവശല്യം രൂക്ഷമായതോടെ വനംവകുപ്പിന്റെ കുപ്പാടി നാലാം മൈലിലുള്ള വന്യമൃഗസംരക്ഷണ പരിപാലന കേന്ദ്രത്തിൽ കൂടുതൽ കടുവകളെ പാർപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി നടപടികളാരംഭിച്ചു. നിലവിലുള്ള ആനിമൽ ഹോസ് പെയ്സ് സെന്ററിനോട് ചേർന്ന് പുതിയ യൂണിറ്റ് ആരംഭിക്കാനാണ് അധികൃതർ ശുപാർശ നൽകിയിരിക്കുന്നത്. അഞ്ച് കടുവകളെകൂടി പാർപ്പിക്കുന്നതിന് സൗകര്യമൊരുക്കാൻ ഒരു കോടി നാൽപ്പത് ലക്ഷം രൂപ ചെലവ് വരുന്ന റിപ്പോർട്ടാണ് പാലക്കാട് സി.സി.എഫിന് നൽകിയിരിക്കുന്നത്. സ്‌ക്യൂസ്‌കേജും , പഡോക്കുകളുമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനാണിത്.
പ്രായാധിക്യത്താൽ ഇര തേടാനാവാതെയും നാട്ടിലിറങ്ങി ഭീഷണി സൃഷ്ടിക്കുന്നതുമായ കടുവയും പുലിയുമടക്കമുള്ള മാംസഭുക്കുകളായ വന്യമൃഗങ്ങളെ ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായിട്ടാണ് മൃഗസംരക്ഷണ പരിപാലനകേന്ദ്രം തുടങ്ങിയത്. പ്രായാധിക്യമെത്തിയ പത്തിലേറെ കടുവകൾ വയനാട്ടിലുണ്ടെന്നാണ് വനം വകുപ്പധികൃതർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ ഇവ നാട്ടിലേക്കിറങ്ങാനുള്ള സാദ്ധ്യത ഏറെയാണ്. ജനവാസകേന്ദ്രത്തിലിറങ്ങുന്ന കടുവകളെ പിടികൂടി ഉൾവനത്തിൽ വിട്ടാലും അവ വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തും. അതിനാൽ ഇത്തരത്തിൽ പുറത്തിറങ്ങി ഭീതി പരത്തുന്ന കടുവകളെ പിടികൂടി പരിപാലനകേന്ദ്രത്തിലേക്ക് മാറ്റുകയാണ് ഏക പോംവഴി.
വാകേരി മൂടകൊല്ലിയിൽ പ്രജീഷിനെ കൊന്ന കടുവയെ പിടികൂടിയാൽ തന്നെ, അതിനെ മറ്റ് വനമേഖലയിൽ കൊണ്ടുപോയി വിട്ടാലും അത് ജനവാസകേന്ദ്രത്തിലേക്ക് തന്നെ എത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പിന്നെയുള്ള ഏകമാർഗം ആനിമൽ ഹോസ്പയ്സ് സെന്ററിൽ താമസിപ്പിക്കുകയാണ്. ഇവിടെയാണെങ്കിൽ ഏഴാമന് താമസിക്കാനുള്ള സ്ഥല സൗകര്യവുമില്ല. കടുവയെ കടുവയെ കൂട് വച്ചോ, മയക്കുവെടിവച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമെ വെടിവച്ച് കൊല്ലാൻ ഉത്തരവുള്ളു. അതും ഈ കടുവ തന്നെയാണ് പ്രജീഷിനെ കൊന്നതെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രമേ വെടിവെയ്ക്കാൻ പാടുള്ളുവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.