kood

സുൽത്താൻ ബത്തേരി: വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനായ പ്രജീഷിനെ കൊന്നുതിന്ന കടുവയെ പിടികൂടുന്നതിനായി തെരച്ചിൽ ശക്തമാക്കി. സംഭവ സ്ഥലത്തിന് ചുറ്റുവട്ടത്തുള്ള കാപ്പിത്തോട്ടങ്ങളിലം സമീപത്തെ വനത്തിലുമായി ഉത്തരമേഖല സി.സി.എഫ് കെ.എസ്.ദീപയുടെ നേതൃത്വത്തിൽ നൂറോളം വരുന്ന വനപാലക സംഘം മൂന്ന് ടീമായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. മേപ്പാടി, കൽപ്പറ്റ, ചെതലയം റെയിഞ്ചുകളിലെ ജീവനക്കാരും ആർ.ആർ.ടിയും സംഘത്തിലുണ്ട്. കടുവയെ കണ്ടാൽ മയക്കുവെടിവയ്ക്കാൻ ഡോക്ടർമാരടങ്ങുന്ന സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഈ പ്രദേശത്ത് ഇന്നലെ കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചു.

കടുവയെ പിടികൂടാൻ വനം വകുപ്പ് പൂർണ സജ്ജമാണെന്ന് ഉത്തരമേഖല സി.സി.എഫ് കെ.എസ്.ദീപ പറഞ്ഞു.

കഴിഞ്ഞ ദിവസം സ്ഥാപിച്ച 24 ക്യാമറകളിൽ ഒന്നിൽ കടുവയുടെ അവ്യക്ത ചിത്രം പതിഞ്ഞിരുന്നു. അതിനാൽ കൂടുതൽ പ്രദേശങ്ങളിൽ 12 ക്യാമറകൾ കൂടി സ്ഥാപിച്ചു. ഡ്രോൺ നിരീക്ഷണവും നടത്തി വരികയാണ്.
പ്രജീഷിന്റെ കുടുംബത്തിന് വനം വകുപ്പിന്റെ ധനസഹായത്തിന്റെ ആദ്യഗഡുവായി അഞ്ചു ലക്ഷം രൂപ ഇന്നലെ കൈമാറി.