kolavally
ടൂറിസത്തിന് കാതോർത്ത്.....പ്രകൃതി രമണീയമായ കൊളവളളി

@ ഡി.ടി.പി.സി നടപടികൾ തുടങ്ങി

പുൽപള്ളി: കബനിയും കടുവ സങ്കേതങ്ങളും അതിർത്തി പങ്കിടുന്ന കൊളവള്ളിയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി തയാറാക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ . മുള്ളൻകൊല്ലി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കബനി പുഴയോരത്തുള്ള 35 ഏക്കർ സ്ഥലത്ത് ഇതിനുള്ള പദ്ധതികൾ തയാറാക്കും. പുഴയും വയലും വനവുമുള്ള മനോഹര പ്രദേശമാണിത്. വർഷങ്ങളായി ഉപയോഗപ്പെടുത്താത്ത ഈ സ്ഥലം ഇപ്പോൾ കാടുമൂടി സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണ്. ടൂറിസം വികസനത്തിന് ഇവിടെ അനന്ത സാദ്ധ്യതകളുണ്ടെന്ന് സ്ഥലം സന്ദർശിച്ച ഡി.ടി.പി.സി സംഘം വിലയിരുത്തി. പ്രകൃതിക്കിണങ്ങുന്ന വിവിധ പദ്ധതികളാണ് ഇവിടെ അഭികാമ്യം. പ്രദേശവാസികൾക്കും ഗോത്ര സമൂഹത്തിനും ഇതുവഴി ജീവിത പുരോഗതി കൈവരിക്കാനാവും. കബനിയിൽ ജല സവാരി, വയോജനങൾക്കും കുട്ടികൾക്കും പാർക്കുകൾ , കളിസ്ഥലങ്ങൾ, ഗ്രാമീണ ഭക്ഷണ സ്റ്റാളുകൾ, മീൻപിടുത്തം എന്നിവയെല്ലാം നടത്താനാവും. ദേശാടന പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സാന്നിദ്ധ്യവും ഇവിടെയുണ്ട്. നിരീക്ഷണ ഗോപുരം നിർമിച്ചാൽ വനത്തിന്റെയും കബനിപ്പുഴയുടെയും കാഴ്ചകൾ ആസ്വദിക്കാനാവും. സഞ്ചാരികൾക്ക് താമസിക്കാനുള്ള കോട്ടേജുകൾ, ഡോർമിറ്ററി, പഠന ക്യാമ്പുകൾ എന്നിവയ്ക്കും ഉചിതമായ സ്ഥലമാണിത്. വിശാലമായ പാർക്കിംഗ്, വീതിയുള്ള റോഡ്, പൂന്തോട്ടം , ഹെർബൽ പാർക്ക് , ശലഭ പാർക്ക് എന്നിവയ്ക്കും അനുയോജ്യമായ ഈ സ്ഥലം ഉപയോഗപ്പെടുത്തണമെന്ന് ഏറെക്കാലമായി ജനങ്ങൾ ആവശ്യപ്പെടുന്നു .

ഗ്രാമസഭകളിൽ പലവട്ടം നാട്ടുകാർ ഈ വിഷയം ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും നിവേദനം നൽകി. ജില്ലയിൽ നിലവിലുള്ള സഞ്ചാര കേന്ദ്രങ്ങളെയെല്ലാം മറികടക്കാനാവുന്ന സ്ഥലമാക്കി കൊളവള്ളിയെ മാറ്റാനാവും. ആദ്യപടിയെന്ന നിലയിൽ സ്ഥലത്തെ കാട് വെട്ടിത്തെളിച്ച് സർവെ നടത്താനും തീരുമാനിച്ചു. തുടർന്ന് മറ്റ് നടപടികൾ ആസൂത്രണം ചെയ്യും. ഡി ടി പി സി സെക്രട്ടറി കെ.ജി അജേഷ്, മാനേജർ പി.പി. പ്രവീൺ , നിർവാഹക സമിതി അംഗം പി.വി. സഹദേവൻ, വി.ജെ. ഷിജു, ബൈജു തോമസ്, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ , സ്ഥിരം സമിതി ചെയർമാൻ ഷിനു കച്ചിറയിൽ , ടി.കെ. ശിവൻ എന്നിവരടങ്ങിയ സംഘമാണ് കൊളവള്ളിയിലെ വിനോദ സഞ്ചാര സാദ്ധ്യതകൾ വിലയിരുത്തിയത്.