
വാകേരി (വയനാട്): വനപാലകരുടെ നേതൃത്വത്തിൽ സർവ സന്നാഹത്തോടെ കാടും നാടും അരിച്ചുപെറുക്കുന്നതിനിടെ പൂതാടി പഞ്ചായത്തിലെ കല്ലൂർക്കുന്നിൽ കഴിഞ്ഞ ദിവസം വീണ്ടുമെത്തിയ നരഭോജി കടുവ ഗർഭിണി പശുവിനെ കൊന്നു. ഞാറ്റാടി വാകയിൽ സന്തോഷിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെയാണ് രാത്രി പതിനൊന്നരയോടെ കൊന്നത്. പശുവിനെ കടിച്ചു വലിച്ച് കയറു പൊട്ടിച്ച് താഴേക്ക് കൊണ്ടുപോയെന്ന് സന്തോഷ് പറഞ്ഞു. പ്രജീഷിനെ കടുവ കൊന്ന വാകേരി കൂടല്ലൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.
കാൽപാടുകളുടെ പരിശോധനയിൽ വാകേരിയിലെ നരഭോജി കടുവയാണ് പശുവിനെയും കൊന്നതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. എന്നാൽ ഇത് നരഭോജി കടുവയല്ലെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. കണ്ണൂർ ഡി.എഫ്.ഒ അജിത് കെ. രാമനടക്കമുളളവരുടെ നേതൃത്വത്തിൽ കടുവയ്ക്കായി തെരച്ചിൽ തുടരുകയാണ്. തെരച്ചിൽ എട്ടുദിവസം പിന്നിട്ടു.
കടുവയെ കുടുക്കാൻ ഒരു കൂടൂ കൂടി സ്ഥാപിച്ചു. നേരത്തെ മൂന്നെണ്ണം സ്ഥാപിച്ചിരുന്നു. കടുവ കൊന്ന പശുവിനെ കൂട്ടിൽ ഇരയാക്കി വച്ചാണ് കെണിയൊരുക്കുന്നത്. തൊഴുത്തുകളിൽ ലൈറ്റിടാനും കൂട് വച്ചിരിക്കുന്ന മേഖലയിൽ വെളിച്ചം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വനപാലകർ നിർദ്ദേശിച്ചു. പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. കടുവയെ കണ്ടെത്താൻ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ദ്രുത പ്രതികരണ സേനയുടെ സ്പെഷ്യൽ ടീമും സ്ഥലത്തെത്തി.