
വാകേരി(വയനാട്): വയനാട്ടിൽ മനുഷ്യനെ കൊന്നുതിന്ന കടുവ ഒടുവിൽ പത്താം നാൾ പിടിയിൽ. വാകേരി മൂടക്കൊല്ലി കോളനി കവലയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കടുവ കൂട്ടിൽ കയറിയത്. വനംവകുപ്പിന്റെ ഡാറ്റാബേസിലുള്ള 13 വയസുള്ള ഡബ്ല്യു.ഡബ്ല്യു.എൽ 45 ആൺ കടുവയാണിത്.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂടല്ലൂർ സ്വദേശി മരോട്ടിപറമ്പിൽ പ്രജീഷ് (36) ന്റെ വീടിനടുത്തായാണ് കൂട് സ്ഥാപിച്ചിരുന്നത്. വനംവകുപ്പ് ആദ്യം സ്ഥാപിച്ച കൂടാണിത്. വീടിനു സമീപത്തെ വയലിൽ പശുവിന് പുല്ലരിയാൻപോയ പ്രജീഷിനെ കടുവ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയശേഷം പ്രജീഷിന്റെ ശരീരം ഭക്ഷിച്ചത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായിരുന്നു. പിടികൂടിയ കടുവയെ എത്രയുംവേഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനായിരുന്നു വനംവകുപ്പിന്റെ നീക്കം. കടുവയെ ജീവനോടെ കൊണ്ടുപോകാനുള്ള വനംവകുപ്പിന്റെ ശ്രമം നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. വെടിവച്ച് കൊല്ലാൻ ഉത്തരവുണ്ടായിട്ടും അത് നടപ്പാക്കാതെ കടുവയെ കൊണ്ടുപോകാനുള്ള ശ്രമമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പിടികൂടിയ കടുവയുടെ മൂക്കിന് പരിക്കുണ്ട്. കടുവയെ മയക്കുവെടിവച്ച് പിടികൂടുകയോ, കിട്ടിയില്ലെങ്കിൽ വെടിവച്ച് കൊല്ലുകയോ ചെയ്യാമെന്ന ഉത്തരവിന്മേലാണ് തിങ്കളാഴ്ച മുതൽ തെരച്ചിൽ തുടങ്ങിയത്. മേഖലയിൽ ആകമാനം 25 നിരീക്ഷണ ക്യാമറകൾ, 3 ലൈറ്റ് ക്യാമറകൾ,രണ്ട് കുങ്കിയാനകൾ, ആഞ്ച് കൂട്. ഡ്രോൺ പറത്തിയുളള പരിശോധന എന്നിവ കടുവയ്ക്കായി നടത്തി. നൂറോളം വരുന്ന ദൗത്യസംഘം ഊണും ഉറക്കവും ഉപേക്ഷിച്ച് രംഗത്തുണ്ടായിരുന്നു.
രാവിലെ 11 മണിയോടെ ആദ്യം കൂടിനു സമീപം കടുവ എത്തിയിരുന്നതായി വനം വകുപ്പ് സംശയിച്ചിരുന്നു. തുടർന്ന് കൂടിനു സമീപം സ്ഥാപിച്ച സിസി. ടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചു വരുന്നതിനിടെയാണ് രണ്ടു മണിയോടെ കടുവ കൂട്ടിലകപ്പെട്ടത്. കടുവയെ വെടിവച്ച് കൊല്ലുമെന്ന വനംവകുപ്പിന്റെ വാക്ക് വിശ്വസിച്ചാണ് തങ്ങൾ ഇതുവരെ സഹകരിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പിടിയിലായ കടുവയെ കൊല്ലണമെങ്കിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയടക്കമുള്ളവയുടെ പല മാനദണ്ഡങ്ങളും പാലിച്ചുള്ള നടപടിക്രമങ്ങൾ ആവശ്യമാണ്. ഇത്തരം കാര്യങ്ങളെല്ലാം തീരുമാനമാകണമെങ്കിൽ സമയമെടുക്കുമെന്നതിനാൽ അനിശ്ചിതത്വം ഇനിയും തുടരുന്നു.
#
ഈ നരഭോജി കടുവയെ വെടിവച്ച് കൊല്ലാനുളള ഉത്തരവിനെതിരെ ആനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി നൽകിയ ഹർജി 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് തള്ളിയത്.