ആലപ്പുഴ : വേനൽക്കാലമെത്തും മുമ്പേ ചൂട് കനത്തതോടെ കരിക്ക് , പന നൊങ്ക് വിപണി ഉഷാറിൽ. തണ്ണിമത്തൻ കച്ചവടവും വർദ്ധിച്ചിട്ടുണ്ടെങ്കിലും ഇത്തവണ ലഭ്യത കുറവാണെന്ന് വില്പനക്കാർ പറയുന്നു. തമിഴ്‌നാട്ടിൽ നിന്ന് കരിക്കും നൊങ്കും എത്തുമ്പോൾ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്. തണ്ണിമത്തന്റെ വരവ് കുറഞ്ഞതോടെ കഴിഞ്ഞ വർഷത്തെ സീസൺ വിലയേക്കാൾ ഇരട്ടിയിലധികമാണ് ഇത്തവണ വില. ശക്തമായ മഴയും വെള്ളപ്പൊക്കവും കഴിഞ്ഞതിന് പിന്നാലെ എത്തിയ അതികഠിന ചൂടാണ് ശീതളപാനീയ വിപണിക്ക് മൊത്തത്തിൽ ഉണർവ് നൽകിയത്. തമിഴ്നാട്ടിൽനിന്ന് ലോറികളിൽ എത്തിക്കുന്ന നൊങ്ക് ഇടനിലക്കാർ പലയിടങ്ങളിലെ കച്ചവടക്കാർക്ക് ഇറക്കിക്കൊടുക്കും. . ഒരു കുലയിൽൽ പത്ത് മുതൽ പതിനഞ്ച് വരെ നൊങ്കുകൾ കാണും. നൊങ്ക് ഒന്നിന് 10 മുതൽ 15 രൂപ വരെയുള്ള നിരക്കിലും കരിക്കിന് 40 മുതൽ 50രൂപവരെ ഈടാക്കിയുമാണ് പാതയോരത്തെ വില്പന. നൊങ്ക് ജ്യൂസിന് 50ഉം 60ഉം ഈടാക്കുന്നവരുമുണ്ട്. സാധാരണ തണ്ണിമത്തന് കഴിഞ്ഞ വർഷം കിലോയ്ക്ക് 12ഉം കിരൺ ഇനത്തിന് 20ഉം രൂപയായിരുന്നു വില. ഇത്തവണ വിലയിൽ വലിയ വർദ്ധനവുണ്ടായി. മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരൺ ഇനം തണ്ണിമത്തനോടാണ് ഗാർഹിക ഉപഭോക്താക്കക്ക് പ്രിയം. 25മുതൽ 35 രൂപ വരെയാണ് ഒരു ഗ്ളാസ് തണ്ണിമത്തൻ ജൂസിന് പാതയോരത്ത് വില.

ഉണർവേകും

ജ്യൂസുകളേക്കാൾ ജനത്തിന് പ്രിയം കരിക്കും നൊങ്കും

 സംസ്ഥാനത്ത് ഇത്തവണ നാടൻ കരിക്കിന്റെ ലഭ്യതയിൽ വലിയ കുറവ്

 നൊങ്കുകൾക്ക് സംസ്ഥാനത്ത് ആവശ്യക്കാരുടെ എണ്ണം വളരെ കൂടി

 ഇടനിലക്കാരാണ് തമിഴ്‌നാട്ടിൽ നിന്ന് നൊങ്ക് ജില്ലയിലേക്ക് എത്തിക്കുന്നത്

 ദാഹശമനി എന്നതിലുപരി ശരീരത്തിന് ഉണർവും നൽകും നൊങ്കുകൾ

വില (ഒന്നിന്)

പന നൊങ്ക്: 20

കരിക്ക് ഒന്നിന്: 40-50

തണ്ണിമത്തൻ

(കിലോഗ്രാമിന് രൂപയിൽ )

സാധാ തണ്ണിമത്തൻ : 30

കിരൺ : 60