ആലപ്പുഴ: കർഷകരുടെ സങ്കടങ്ങൾ പരിഹരിക്കുന്നതിനും കടബാദ്ധ്യതകളിൽ ആശ്വാസം നൽകുന്നതിനുമായി രൂപീകരിച്ച കേരള കർഷക കടാശ്വാസ കമ്മിഷൻ ജീവനക്കാരും ഫണ്ടുമില്ലാതെ മുടന്തുന്നു.

ഒരു വർഷം ശരാശരി മുക്കാൽ ലക്ഷത്തോളം അപേക്ഷകരാണുള്ളത്. കടക്കെണിയിലായവർക്ക് 600 കോടിയിലധികം രൂപയുടെ ആനുകൂല്യം ലഭ്യമാക്കണം. ഉത്തരവുകൾ തയ്യാറാക്കി ബാങ്കുകൾക്കും സർക്കാരിനും കൈമാറണം. ഇതിനെല്ലാം കൂടി ആകെയുള്ളത് കഷ്ടിച്ച് മൂന്നു ഡസനോളം ജീവനക്കാർ.

സിറ്റിംഗിലെ അപേക്ഷകളും ഹിയറിംഗ് വിശദാംശങ്ങളും സഹിതം അന്തിമ ഉത്തരവ് പുറപ്പെടുവിക്കേണ്ട സെക്രട്ടറിക്ക് മുമ്പിൽ ഓരോ മാസവുമെത്തുന്നത് ശരാശരി 15000 ഫയലുകൾ. ഒരു ദിവസം 200 വീതം തീർപ്പാക്കിയാലും 6000 ഫയലുകൾക്കേ

പരിഹാരമാകൂ. രണ്ടര ഇരട്ടി ഫയലുകൾ കുമിഞ്ഞു കൂടുന്നു.സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നു മാസം ശേഷിക്കേ , 70000ത്തോളം പരാതികളാണ് റിട്ട.ഹൈക്കോടതി ജ‌ഡ്ജി കെ.എബ്രഹാം മാത്യു ചെയർമാനായ ഏഴംഗ കമ്മിഷൻ പരിഗണിച്ചത്. കാൽ ലക്ഷത്തോളം അപേക്ഷകളിൽ ഉത്തരവായിട്ടില്ല. വായ്പാ ഇളവുകളുടെ വകയിൽ പ്രാഥമിക സഹകരണ സ്ഥാപനങ്ങൾക്കും കേരള ബാങ്കിനും നൽകേണ്ട 600 കോടിയിലധികം രൂപ സർക്കാർ കുടിശ്ശികയാക്കി.

കടാശ്വാസ കമ്മിഷൻ

ആസ്ഥാനം തിരുവനന്തപുരം. പ്രകൃതിക്ഷോഭങ്ങൾ,​ കർഷക കടബാദ്ധ്യത,​ കർഷക ആത്മഹത്യ എന്നിവയെല്ലാം പരിഗണനാ വിഷയങ്ങളാണ്.ജില്ല തിരിച്ച് ഒരു മാസം 12 സിറ്റിംഗ്. ചെയർമാനുൾപ്പെടെയുള്ള മൂന്ന് ബെഞ്ചുകളിലായി ഒരു ബെഞ്ചിൽ കുറഞ്ഞത് 150 അപേക്ഷകൾ. അമ്പതിനായിരം രൂപ ബാദ്ധ്യതയുള്ള കർഷകന് പലിശയുൾപ്പെടെ 37,500 രൂപ ഇളവ്. ശേഷിക്കുന്ന തുക പലിശയില്ലാതെ ആറു മാസത്തിനകം അടച്ചാൽ മതി. 4 ലക്ഷം വരെ പരമാവധി 50 ശതമാനം ഇളവ് .

ജീവനക്കാരില്ല, ഫണ്ടില്ല

 ആകകെയുള്ളത് മൂന്ന് ജീവനക്കാർ

 ചെയർമാൻ ഉൾപ്പെടെ 3 ബെഞ്ചുകൾ

 ആസ്ഥാനം പെയിന്റ് ചെയ്യാൻ പോലും പണമില്ല

 കമ്മിഷൻ അംഗങ്ങൾക്ക് ഉൾപ്പെടെ വാഹന സൗകര്യമില്ല

 വാഹന വാടകയായി ലഭിക്കുന്നത് കി. മീറ്ററിന് 8 രൂപ

കർഷക ആത്മഹത്യകൾ പതിവായ സാഹചര്യത്തിൽ ഒരിക്കൽ മാത്രം ആനുകൂല്യമെന്ന നിബന്ധന ഒഴിവാക്കണം. കമ്മിഷന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും കാലാനുസൃതമായി പരിഷ്കരിക്കണമെന്ന 2007ലെ ഗവ. ഉത്തരവ് നടപ്പായിട്ടില്ല.

- സോണിച്ചൻ പുളിങ്കുന്ന്,

നെൽ കർഷക

സംരക്ഷണ സമിതി