
ആലപ്പുഴ: `എല്ലാവർക്കും സന്തോഷം'.... ഒരു ഗ്രാമത്തിന്റെ മുഖമുദ്ര ആക്കാൻ രംഗത്ത് ഇറങ്ങുകയാണ് ഗ്രാമീണവായനശാല ഉദയ. പാതിരാപ്പള്ളിയിലെ പാട്ടുകളം ഗ്രാമത്തിനാണ് ഈ സൗഭാഗ്യം. വായനശാലയുടെ അറുപതാം വാർഷികമാണ് ഇത്തരത്തിൽ ആഘോഷിക്കുന്നത്.
ആദ്യം വേണ്ടത് ശുചിത്വമാണെന്ന് അവർ തീരുമാനിച്ചു.
ആബാലവൃദ്ധം ജനങ്ങളും തെരുവ് ശുചിയാക്കി.
രണ്ടരകിലോമീറ്റർ ചുറ്റളവിലെ എല്ലാ വീടുകളുടെയും മതിലുകൾ വെള്ള പൂശി മോടിയാക്കി, ചിത്രങ്ങൾ വരച്ച് വർണ്ണാഭമാക്കി. മുറ്റം ക്ലാഡിംഗ് കല്ലും കൃത്രിമ പുല്ലും കൊണ്ട് അലങ്കരിച്ചു. മതിലുകൾക്ക് മുന്നിൽ ശിൽപ്പങ്ങൾ സ്ഥാപിക്കുന്ന പണിയാണ് അടുത്തത്. പൂച്ചെടികൾ നട്ടുവളർത്തും. തുമ്പോളി മുതൽ കാട്ടൂർ വരെ പുഷ്പവാടിയായി മാറും. ആർട്ട് വർക്കിന്റെ മേൽനോട്ടം ചലച്ചിത്ര കലാസംവിധായകൻ സുരേഷ് കൊല്ലത്തിനാണ്.
ലിറ്റററി ഫെസ്റ്റിന് പൗലോ കൊയ്ലോയും അരുന്ധതി റോയിയും അതിഥികളായി വേണമെന്നാണ് ആഗ്രഹം. കായിക മാമാങ്കത്തിന് പ്രഗ്നാനന്ദയും വിശ്വനാഥൻ ആനന്ദും.
2.5 കോടി സമാഹരിക്കും
സ്പോൺസർമാരിലൂടെയും ലക്കി കൂപ്പൺ വഴിയുമാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം സമ്മാനമായി കാറുൾപ്പടെ പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ട്.
ആഘോഷ പരിപാടികളുടെ ചെലവും ചേർത്ത് 2.5 കോടി രൂപ വേണ്ടിവരും. മാസം 500 രൂപയും അതിൽ കൂടുതലും മാറ്റിവയ്ക്കുന്ന നാട്ടുകാരുടെ വിവിധ ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്. അംഗങ്ങൾ എല്ലാ മാസവും തുക നിക്ഷേപിക്കും.
വായനശാലയിൽ
ആദ്യം കേരളകൗമുദി
1960കളിൽ പാട്ടുകളത്തെ ധനഞ്ജയന്റെ പീടികയിൽ ഒത്തു ചേർന്ന സായഹ്ന കൂട്ടായ്മയിൽ നിന്നാണ് വായനശാലയുടെ പിറവി. ധനഞ്ജയനും സഹോദരിയും കുടുംബസ്വത്തിൽ നിന്ന് പതിച്ചു നൽകിയ മൂന്ന് സെന്റ് ഭൂമിയിൽ തമ്പക കമ്പ് തൂണുകളാക്കി. നാട്ടുകാർ നൽകിയ ഓലമടലും വാരിയും കൊണ്ടു മേൽക്കൂര ഒരുക്കി. പാതിരാപ്പള്ളിയിലെ പണിക്കരുടെ ചായക്കടയിൽ നിന്ന് ബെഞ്ചും ഡെസ്ക്കും പഴയ വിലയ്ക്ക് വാങ്ങി. പ്രദേശവാസിയായ എ.വി.രാജപ്പൻ 'കേരളകൗമുദി' പത്രം സംഭാവനയായി നൽകി. അങ്ങനെ അതു വായനശാലയായി. പിന്നാലെ മറ്റു പത്രങ്ങളും വന്നു. പ്രശസ്തമായ ഉദയ സ്റ്റുഡിയോ അടുത്തായതിനാൽ വായനശാലയ്ക്കും അതേ പേര് നൽകി.
25 ലക്ഷം രൂപയുടെ
പുസ്തകം സമാഹരിക്കും
നിലവിലെ ശേഖരം:
88000
പുസ്തകങ്ങൾ
അംഗങ്ങൾ:
1000
(ഏകദേശം)
പുതിയ തലമുറയെ സാംസ്ക്കാരിക രംഗത്തേക്ക് ആകർഷിക്കുകയും ഗ്രാമത്തെ സന്തോഷഗ്രാമമായി മാറ്റുകയുമാണ് ലക്ഷ്യം
- വി.എം.മനോജ്,
ആഘോഷകമ്മിറ്റി ചെയർമാൻ