
അമ്പലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിലെ തകർന്ന റോഡുകൾ പുനർനിർമ്മിക്കാത്തതിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. പടഹാരം രണ്ടാം വാർഡിലെ സി.എസ്.ഐ ചർച്ച് റോഡ്, എല്ലോറ - പത്തിൽപാലം റോഡ്, തകഴി ആശുപത്രി റോഡ് എന്നിവയോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് പടഹാരം എല്ലോറ ആർട്സ് ആൻഡ് സ്പോർട്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലോറ ജംഗ്ഷനിൽ നിന്ന് തകഴി ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്കാണ് വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തിയത്. എല്ലോറ പ്രസിഡന്റ് വി.വിപിൻ കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തോമസ് കെ.ഡി. പീറ്റർ മോൻ ചാലുങ്കൽ, അഞ്ജു വിജേഷ് എന്നിവർ നേതൃത്വം നൽകി.