ആലപ്പുഴ : ഒഴിപ്പിക്കലിനെതിരെ വ്യാപാരികൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ജില്ലാ കോടതി പാലത്തിന്റെ നവീകരണത്തിന്റെ ടെൻഡർ സമർപ്പിക്കാനുള്ള തീയതി നീട്ടി. ജനുവരി ആദ്യവാരം വരെയാണ് ടെണ്ടർ തീയതി നീട്ടിയിട്ടുള്ളത്. വ്യാപാരികളുടെ ഹർജി നാളെ കോടതി പരിഗണിച്ചേക്കും.

ഈ കേസിൽ സർക്കാർ നവംബർ 28ന് സത്യവാങ്ങ് മൂലം നൽകിയിരുന്നു. ഒഴിപ്പിക്കലും കടമുറികൾ പൊളിക്കുന്നതും ജനുവരി 28വരെ താൽക്കാലികമായി നിർത്തി വയ്ക്കാൻ കോടതിനിർദേശിച്ചിരുന്നു. 4 കമ്പനികൾ ഇതിനോടകം ടെൻഡർ നൽകിയിട്ടുണ്ട്. നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട്, സർക്കാർ പുറമ്പോക്കിലുള്ള 16 കടക്കാർ നൽകിയ കേസാണ് ഹൈക്കോടതിയിലുള്ളത്. കേസ് തീർപ്പാക്കിയാൽ പാലം പുനർനിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ പാലത്തിന്റെ ഇരുകരകളിലും നാൽക്കവലകളോടെ പൊതുമരാമത്ത് വകുപ്പാണ് രൂപരേഖ തയ്യാറാക്കിയത്.

വാടക്കനാലിന്റെ വടക്കേക്കരയിൽ എസ്.ഡി.വി ഗ്രൗണ്ടിന് സമീപത്ത് നിന്നും തെക്കേകരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നും ഫ്‌ളൈഓവറും അടിപ്പാതയും ആരംഭിച്ച് പൊലീസ് കൺട്രോൾ റൂമിന് സമീപം അവസാനിക്കും.

ഏറ്റെടുത്തത് 283സെന്റ്

 283സെന്റ് സ്ഥലം ഏറ്റെടുത്ത് കെ.ആർ.എഫ്.ബിക്ക് കൈമാറി

 5സർക്കാർ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും 6മാസം മുമ്പ് ഒഴിപ്പിച്ചു

പദ്ധതി പ്രദേശത്തെ 79മരങ്ങൾ രണ്ട്മാസം മുമ്പ് മുറിച്ചുമാറ്റി

 മുറിച്ച മരത്തിന്റെ ഭാഗങ്ങൾ കനാൽക്കരയിൽ നിന്ന് നീക്കിയിട്ടില്ല

 ഇവ വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും ദുരിതമുണ്ടാക്കുന്നു

പുതിയ പാലം

 റൗണ്ടിലാകും പുതിയ പാലം നിർമ്മിക്കുക

 കനാലിന്റെ ഇരുകരകളിലും ഫ്‌ളൈഓവർ

 അടിപ്പാത, റാമ്പ് സറകര്യങ്ങൾ ഉണ്ടാകും

120.52കോടി : പാലത്തിന്റെ പുനർനിർമ്മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനുമായുള്ള തുക

'കേസ് തീർപ്പാക്കി ഉടൻ പാലം നിർമ്മാണം ആരംഭിക്കും. 18മാസം കൊണ്ട് പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

- കെ.ആർ.എഫ്.ബി