അമ്പലപ്പുഴ: വാടകക്കെട്ടിടത്തിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പട്ടതോടെ തകഴി കുന്നുമ്മയിലെ ഗവ.ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. 55 ലക്ഷം രൂപ മുടക്കി സ്വന്തം കെട്ടിടം നിർമ്മിച്ചിട്ടും വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരികയാണ് ആശുപത്രി. കെട്ടിട ഉടമസ്ഥരായ എൻ.എസ്.എസ് കരയോഗമാണ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് നൽകിയത്.
2019ൽ പുതിയ കെട്ടിടത്തിന്റെ നിർമാണമാരംഭിച്ചതു മുതലാണ് സമീപത്തെ എൻ.എസ്.എസ് കെട്ടിടത്തിൽ 2500 രൂപ മാസ വാടകയിൽ ആശുപത്രി പ്രവർത്തിച്ചു തുടങ്ങിയത്. പുതിയ കെട്ടിടത്തിന്റെ നിർമാണം ഒരു വർഷം മുമ്പ് പൂർത്തിയായിട്ടും ഇവിടേക്ക് ആശുപത്രി മാറ്റിയിട്ടില്ല. ഇപ്പോൾ പരിമിതമായ സൗകര്യത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. മന്ത്രിയെ ലഭിക്കാത്തതു കൊണ്ടാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നീണ്ടു പോകുന്നതെന്നും ആക്ഷേപമുണ്ട്. ആശുപത്രി കെട്ടിടം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ജനുവരി 15ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശയന പ്രദക്ഷിണം നടത്തും.ദേശീയ മനുഷ്യാവകാശ സമിതി, കൺസ്യൂമർ ഫെഡറേഷൻ ഒഫ് ഇന്ത്യ, തകഴി വികസന സമിതി, ടാഗോർ കലാ കേന്ദ്രം, ഗൾഫ് റിട്ടേണീസ് ആൻഡ് പ്രവാസി മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
സ്വന്തം കെട്ടിടം നിർമ്മിച്ചിട്ട് ഒരു വർഷം
1975ൽ നിർമ്മിച്ച കെട്ടിടത്തിലായിരുന്നു മുമ്പ് ആയുർവേദ ആശുപത്രി പ്രവർത്തിച്ചിരുന്നത്. കാലപ്പഴക്കം മൂലം ഈ കെട്ടിടം ശോച്യാവസ്ഥയിലായതോടെയാണ് ആയുഷ് മിഷന്റെ 48ലക്ഷം ഉൾപ്പെടെ 55 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിട നിർമാണമാരംഭിച്ചത്. ഇതോടെ വാടകക്കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റി. എന്നാൽ, കെട്ടിടം നിർമാണം പുർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ആശുപത്രി ഇവിടേക്ക് മാറ്റായതോടെ ഈ കെട്ടിടം മദ്യപൻമാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ.