1

കുട്ടനാട് : ജലവിഭവ വകുപ്പിന്റെ അനാസ്ഥയെത്തുടർന്ന് രാമങ്കരി, വെളിയനാട്, കാവാലം, നെടുമുടി പഞ്ചായത്തുകളിലെ ജനങ്ങൾ കുടിവെള്ളത്തിനായി കേഴുന്നു.

രാമങ്കരി പഞ്ചായത്തിലെ13ാം വാർഡ് കുഴിക്കാല കോളനി, ഏഴാം വാർഡ് കാട്ടടി പട്ടികജാതി കോളനി, 10ാം വാർഡ് ഊരുക്കരി, പുതുക്കരി എന്നീ പ്രദേശങ്ങളിൽ കുടിവെള്ളമെത്താതായിട്ട് ഒരു വർഷത്തിന് മേലെയായി. വെളിയനാട് പഞ്ചായത്തിലെയും കാവാലം പഞ്ചായത്തിലെയും സ്ഥിതിയും വ്യത്യസ്തമല്ല. കിടങ്ങറ വാട്ടർ അതോറിട്ടി ഓഫീസിലെ ഓവർഹെഡ് ടാങ്കിന് തൊട്ടടുത്തു കിടക്കുന്ന 8,9,10 വാർഡുകളിൽ വെള്ളം ലഭിക്കാതായിട്ട് മാസങ്ങളായി. കിടങ്ങറ, കുന്നങ്കരി,വെളിയനാട് എന്നിവിടങ്ങളിൽ ആഴ്ചയിൽ മൂന്നാം ദിവസം എന്ന ക്രമത്തിൽ കറ്റോട് ശുദ്ധജല പദ്ധതിയിൽ നിന്നുമുള്ള വെള്ളം എത്തിയിരുന്നെങ്കിലും ഇപ്പോൾ അതും നിലച്ചു.

പൊതുടാപ്പുകൾ കാണാനില്ല!

കാവാലം പഞ്ചായത്തിലെ ഒറ്റ വാർഡിൽപോലും കുടിവെള്ളമെത്താറില്ല. ഇവിടെ പൊതുടാപ്പുകൾ കാണാൻ പോലുമില്ലെന്നും ആക്ഷേപമുണ്ട്. ലൈനിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ വെള്ളമെത്താത്ത പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നതിലോ വാട്ടർ അതോറിട്ടി ജീവനക്കാർ ഉപേക്ഷ കാട്ടുന്നതാണ് കുട്ടനാട്ടുകാർക്ക് കുടിവെള്ളം മുട്ടിക്കുന്നതെന്ന് വ്യാപക ആക്ഷേപമുണ്ട്.

പുഞ്ചകൃഷിക്ക് ആരംഭം കുറിച്ചതോടെ ആറുകളിലെയും തോടുകളിലെയും വെള്ളം വിഷലിപ്തമായി വീട്ടുകാര്യങ്ങൾക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത നിലയിലായത് പ്രശ്നം കൂടുതൽ രൂക്ഷമാക്കി

- ജി സൂരജ്, കോൺഗ്രസ് വെളിയനാട് മണ്ധലം പ്രസിഡന്റ്

കറ്റോട് ശുദ്ധജല പദ്ധതിയുടെ വെള്ളം സമീപ മണ്ഡലങ്ങൾ ചോർത്തിക്കൊണ്ടു പോയിട്ടും എം.എൽ.എയും ത്രിതല പഞ്ചായത്ത് ഭരണ നേതൃത്വവും കണ്ടില്ലെന്നു നടിക്കുകയാണ്

- പ്രമോദ് ചന്ദ്രൻ വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം