
ചേർത്തല: ചേർത്തലക്കാകെ അഭിമാനമായി ഉല്ലല ബാബു. ഉല്ലല ബാബുവിന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനക്കുള്ള 2023ലെ പുരസ്‌കാരത്തിനർഹനായി. നാലുപതിറ്റാണ്ടോളമായി ചേർത്തലയുടെ സ്വന്തമായ ബാബു പേരിനൊപ്പം ജന്മനാടായ ഉല്ലലയുണ്ടെങ്കിലും ചേർത്തലയുടെ സ്വന്തം ബാലസാഹിത്യകാരനാണ്.70 ഓളം ബാലസാഹിത്യ രചനകളിലൂടെ മേഖലക്കായി വലിയ സംഭാവനകൾ നൽകിയതു പരിഗണിച്ചാണ് പുരസ്‌കാരം.
അഞ്ചുപതിറ്റാണ്ടിനപ്പുറത്തേക്കും നീളുന്ന എഴുത്തിനൊപ്പം വലിയ വായനാലോകവും തുറന്നാണ് ഉല്ലലബാബുവിന്റെ പ്രവർത്തനം. കോളേജ് വിദ്യാഭ്യാസ കാലം മുതൽ സാഹിത്യരചനയിൽ സജീവമായിരുന്നു.1976ൽ ആദ്യകഥ വാരികയിൽ പ്രസിദ്ധീകരിച്ചു, 1980 മുതൽ ബാലസാഹിത്യത്തിൽ തന്നെ നോവൽ,കഥ,പുനരാഖ്യാനം,വൈജ്ഞാനിക ലേഖനങ്ങൾ ഉൾപ്പെടുന്നതാണ് രചനകൾ.ഇതിനകം 72 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിൽ 70 ഉം ബാലസാഹിത്യ കൃതികളായിരുന്നു.സി.ബി.എസ്.ഇ,ഐസി.എസ്.ഇ സിലബസുകളിൽ മലയാളം പാഠപുസ്തകത്തിൽ ബാബുവിന്റെ കൃതികൾ പഠിക്കാനുണ്ട്.മഹാന്മാരുടെ ജീവിതത്തിലെ രസമുത്തുകൾ എന്ന പുസ്തകത്തിന്റെ നാലരലക്ഷം കോപ്പികൾ വിറ്റഴിച്ചു. ബാപ്പുജി കഥകൾ എന്ന പുസ്തകത്തിന്റെ 12 വാല്യങ്ങളാണ് പുറത്തിറങ്ങിയത്. 12ഓളം വിവിധ പുരസ്കരാങ്ങൾ ലഭിച്ചിട്ടുണ്ട്.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് അംഗം ചേർത്തല രാജൻ വീട്ടിലെത്തി ആദരിച്ചു.സാന്ത്വനം പാലിയേറ്റീവ് കെയർ സെക്രട്ടറി ബി.വിനോദ്,നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, മുൻസിപ്പൽ കൗൺസിലർ എ.അജി, പി.ഷാജി മോഹൻ എന്നിവർ വീട്ടിലെത്തി ആദരിച്ചു.