ആലപ്പുഴ : ജാതി ഭിന്നത ഒഴിവാക്കി സമ്പൂർണ സമാജത്തെയും ഒന്നിപ്പിക്കുന്നതാകണം വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ .സഞ്ജയൻ പറഞ്ഞു. മുന്ന് ദിവസമായി നടന്നു വന്ന വിചാരകേന്ദ്രം വാർഷിക സമ്മേളന സമാപന സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാഗ്രഹം അഖില ഹിന്ദു മൂവ്‌മെന്റ് ആയിരുന്നു . കേരളത്തിലെ നായർ , ഈഴവ, പുലയ സമുദായാംഗങ്ങൾ ഒന്നിച്ചു പങ്കെടുത്തു. മന്നത്തിന്റെ നേതൃത്വത്തിൽ വൈക്കത്തു നിന്നും ഡോ.എം.ഇ നായിഡുവിന്റെ നേത്വത്വത്തിൽ നാഗർകോവിലിൽ നിന്നുമായി രണ്ട് സവർണ്ണ ജാഥകൾ നടന്നു. പിന്നീട് ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയ നവോത്ഥാന പ്രസ്ഥാനമാവുകയും ചെയ്തു. ശ്രീമൂലം പ്രജാ സഭയിൽ അംഗമായിരുന്ന സ്വദേശാഭിമാനി ടി.കെ.മാധവന്റെ ഇടപെടൽ ആണ് ക്ഷേത്ര പ്രവേശനം നടത്തുവാൻ പിന്നീട് ചിത്തിര തിരുനാൾ ബാലരാമ വർമ്മയെ പ്രേരിപ്പിച്ചത്. സമൂഹത്തെ കാർന്നു തിന്നുന്ന അയിത്തം പോലെയുള്ള പ്രാകൃത ആചാരങ്ങൾ ഇല്ലായ്മ ചെയ്യാൻ വേണ്ടിയുള്ള വൈചാരിക പ്രവർത്തനങ്ങൾക്ക് ഭാരതീയ വിചാരകേന്ദ്രം നേതൃത്വം നൽകുമെന്നും ആർ.സഞ്ജയൻ പറഞ്ഞു. വിചാര കേന്ദ്രം പ്രസിഡന്റ് ഡോ. സി.വി. ജയമണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു, കാര്യാദ്ധക്ഷ ഡോ. എസ്. ഉമാദേവി, സെക്രട്ടറി ശ്രീധരൻ പുതുമന, പ്രജ്ഞാ പ്രവാഹ് ക്ഷേത്രീയ സംയോജക് എസ്.വിശ്വനാഥൻ, പ്രോഗ്രാം കൺവീനർ ജെ.മഹാദേവൻ എന്നിവർ സംസാരിച്ചു.