കായംകുളം : കവാടത്തിൽ മനോഹരമായ പൂന്തോട്ടം, ഫ്ളാഗ് പോസ്റ്റ്, യാത്രക്കാരെ സ്വീകരിക്കാൻ റിസപ്ഷൻ ...കവാടം മുതൽ പ്ളാറ്റ് ഫോം വരെ യാത്രക്കാർക്കാവശ്യമായ സൗകര്യങ്ങളോടെ അമൃത് ഭാരത് പദ്ധതിയിൽ പുതുപ്രൗഢിയിൽ അണിഞ്ഞൊരുങ്ങുകയാണ് കായംകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ.

സ്റ്റേഷന് മുന്നിൽ പാർക്കിംഗ് ഏരിയയുടെ നിർമ്മാണം പുരോഗമിക്കുന്നു. പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യ ഗ്രീ​ൻ പാ​ർ​ക്കിംഗ് ഏ​രി​യയാണ് ഒരുങ്ങുന്നത്. മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കും പാ​ർ​ക്കിംഗിന് ചാർജ് ഈടാക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായി സി.സി ടിവി കാമറകൾ സ്ഥാപിക്കും. സോളാർ, എൽ.ഇ.ഡി വിളക്കുകൾ വെളിച്ചം പകരും. പ്ളാറ്റ്ഫോമുകളെല്ലാം ടൈലുകൾ പാകി മനോഹരമാക്കും. പ്ളാറ്റ് ഫോമുകളെ ബന്ധിപ്പിക്കാൻ ഫുട് ഓവർബ്രി‌ഡ്ജും ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കും. എല്ലാ പ്ളാറ്റ് ഫോമുകളിലും ടോയ്ലറ്റുകൾ, ശീതീകരിച്ചതും അല്ലാത്തതുമായ വിശ്രമസ്ഥലങ്ങൾ, കാന്റീൻ, കഫറ്റേരിയ , വിവിധ തരം സ്റ്റാളുകൾ എന്നിവ ഉണ്ടാകും.

റെയിൽവേ സ്റ്റേഷൻ റോഡ് രണ്ടുവരിയാക്കും

 കായംകുളം - പുനലൂർ റോഡിൽ നിന്ന് സ്റ്റേഷനിലേക്കുള്ള റോഡ് രണ്ടുവരിയാക്കും

 റെയിൽവേ സ്റ്റേഷൻ റോഡിന്റെ വശങ്ങളിൽ നടപ്പാതയുമുണ്ടാകും.

 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്റ്റേഷന് മുന്നിൽ വിശാലമായസൗകര്യം

 ആയിരത്തോളം വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ കഴിയും

കായംകുളം വഴി കടന്നുപോകുന്ന ട്രെയിനുകൾ -126

കായംകുളം സ്റ്റേഷനിലെ പ്രതിദിനവരുമാനം : 15 ലക്ഷം (ശരാശരി )

അമൃത് ഭാരത് പദ്ധതിപ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ കായംകുളത്ത് പുരോഗമിക്കുകയാണ്. ഏപ്രിലിന് മുമ്പ് പരമാവധി ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കൂടുതൽ സർവീസുകൾ ആരംഭിക്കാനും ആലപ്പുഴ- എറണാകുളം പാത ഇരട്ടിപ്പിക്കാനുമുള്ള നടപടികളും പുരോഗമിക്കുന്നു

- എ.എം.ആരിഫ്. എം.പി