ആലപ്പുഴ: രണ്ട് ദിവസത്തേക്കെന്ന് പറഞ്ഞ് ജപ്പാൻ കുടിവെള്ള പദ്ധതി ലൈനിൽ ജല അതോറിട്ടി തുടങ്ങിയ അറ്റകുറ്റപ്പണി നീണ്ടുപോയതോടെ, പുതുവത്സരാഘോഷത്തിന് മാരാരിക്കുളത്തെ റിസോർട്ടുകളിൽ എത്തിയ വിദേശസഞ്ചാരികൾ ഉൾപ്പടെയുള്ളവർ ശുദ്ധജലം ലഭിക്കാതെ വലഞ്ഞതായി പരാതി. ബദൽ സംവിധാനം ഒരുക്കാതെ ജനത്തിരക്കുള്ള ദിവസങ്ങൾ അറ്റകുറ്റപ്പണിക്ക് തിരഞ്ഞെടുത്ത ജല അതോറിട്ടിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധുയർന്നു.
ചെങ്ങണ്ട പാലത്തിനോട് ചേർന്ന് രണ്ട് ദിവസത്തെ അറ്റകുറ്റപ്പണി എന്നാണ് ജല അതോറിട്ടി മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ പണി ദിവസങ്ങളോളം നീണ്ടു. ഇതോടെ ശുദ്ധജലം ലഭിക്കാതിരുന്ന റിസോർട്ടുകൾ ഉൾപ്പടെ നാളുകളായി ഉപയോഗിക്കാതിരുന്ന കുഴൽക്കിണർ പ്രവർത്തിപ്പിച്ചു. കുഴൽക്കിണർ ജലത്തിന്റെ ഗന്ധത്തെപ്പറ്റി സഞ്ചാരികൾ റിസോർട്ട് അധികൃതരോട് പരാതിപ്പെടുകയുമുണ്ടായി. 24 മണിക്കൂർ ഇടതടവില്ലാതെ ശുദ്ധജലമെന്ന വാഗ്ദാനമാണ് ജപ്പാൻ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയപ്പോൾ അധികൃതർ നൽകിയിരുന്നത്. ഇത് വിശ്വസിച്ച് ചേർത്തല താലൂക്കിലെ പലരും വീടുകളിലും റിസോർട്ടുകളിലും, സ്ഥാപനങ്ങളിലും സ്ഥാപിച്ചിരുന്ന ജലശുദ്ധീകരണ സംവിധാനങ്ങൾ എടുത്തുമാറ്റിയിരുന്നു.
പരാതിയുമായി ടൂറിസം സംരംഭകർ
ചേർത്തല താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം നിഷേധിച്ച സംഭവത്തിൽ ജല അതോറിട്ടിക്കെതിരെ കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി അധികൃതർ സർക്കാരിന് പരാതി നൽകി. റിസോർട്ടുകളിൽ ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സമയം അറ്റകുറ്റപണിക്കായി തിരഞ്ഞെടുത്തതിലെ പോരായ്മ പരാതിയിൽ ചൂണ്ടികാണിക്കുന്നു. ആഘോഷത്തിന് വേണ്ടി വൻജനസഞ്ചയം എത്തുമെന്ന് മുന്നിൽക്കണ്ട് കെ.എസ്.ഇ.ബി അറ്റകുറ്റപ്പണികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഈ മാതൃക ജല അതോറിട്ടിയും സ്വീകരിച്ചിരുന്നെങ്കിൽ നാട് കാണാനെത്തിയ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലായിരുന്നു.
കുടിവെള്ളം നിഷേധിച്ച ജല അതോറിട്ടിയുടെ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഹോംസ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുമെന്ന സർക്കാർ നയത്തിനെതിരായ നിലപാടാണ് ജല അതോറിട്ടി സ്വീകരിച്ചത്
- ഇ.വി.രാജു ഈരേശ്ശേരിൽ, ജില്ലാ സെക്രട്ടറി, കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി