kalyani

ആലപ്പുഴ: എസ്.ഡി കോളേജിലെ സുവോളജി വിദ്യാർത്ഥികൾ നിർമ്മിച്ച കുളവാഴയിലെ വിസിറ്റിംഗ് കാർഡുകൾ കേന്ദ്രമന്ത്രാലയങ്ങളിൽ വരെ താരം. വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി ലീന നന്ദൻ, ജോയിന്റ് സെക്രട്ടറി ഡോ. സുജിത് കുമാർ ബാജ്പെയ്, യു.ജി.സി സെക്രട്ടറി പ്രൊഫ. മനീഷ് ജോഷി എന്നിങ്ങനെ നീളുന്നു കാർഡിന് ഓർഡർ ചെയ്തവരുടെ പട്ടിക.

വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പായ ഐക്കോടെക് വികസിപ്പിച്ചതാണിത്. സുവോളജി അസോസിയേറ്റ് പ്രൊഫസറും ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യഗവേഷകനുമായ ഡോ. ജി. നാഗേന്ദ്രപ്രഭുവാണ് നേതൃത്വം നൽകുന്നത്. കേന്ദ്ര ഉദ്യോഗസ്ഥർ കേരളത്തിൽ എത്തിയപ്പോൾ നാഗേന്ദ്രപ്രഭുവിനെ ബന്ധപ്പെടുകയായിരുന്നു.

 കല്യാണക്കുറിയും കുളവാഴയിൽ

ഫിഷറീസ് സർവകലാശാലയിലെ ഒന്നാംവർഷ എം.എസ് സി മറൈൻ ബയോളജി വിദ്യാർത്ഥിനി കല്യാണിയുടെ കല്യാണക്കുറി കുളവാഴയിലാണ്. എസ്.ഡി.കോളേജിൽ സുവോളജി വിദ്യാർത്ഥിയായിരിക്കേ, ഐക്കോടെക്കിലായിരുന്നു കല്യാണിയുടെ അവസാന സെമസ്റ്റർ പ്രോജക്ട്. ജലഗതാഗവകുപ്പിലെ ഡ്രൈവർ കൈനകരി കുട്ടമംഗലം ദാമോദർ ഹൗസിൽ സി. അനിലിന്റെയും ആയുർവേദ മെഡിക്കൽ കോളേജ് ജീവനക്കാരി ബിന്ദുവിന്റെയും മകളായ കല്യാണിയുടെ വിവാഹം 21നാണ്. തിരുവനന്തപുരം കാട്ടാക്കട മൂഴിയിൽ ശങ്കരവിലാസത്തിൽ അഭയ് സുജനാണ് വരൻ.

വീട്ടിലെ മിക്സിയും കുക്കറും സ്റ്റൗവും മതി

1. കുളവാഴ വേരുകൾ നീക്കി ഇലയും തണ്ടും ചെറുതാക്കി മിക്സിയിൽ അരച്ചശേഷം വേവിച്ച് പൾപ്പാക്കും. ഇതിന് വീടുകളിൽ ഉപയോഗിക്കുന്നതരത്തിലുള്ള മിക്സി, കുക്കർ, സ്റ്റൗവ് എന്നിവ മതി. കോളേജിലെ ഉപയോഗശേഷം ശേഖരിക്കുന്ന കടലാസും പൾപ്പാക്കും. രണ്ടു നിശ്ചിത അനുപാതത്തിൽ ചേർക്കും.

2. പേപ്പർ രൂപത്തിലുള്ള മാേൾഡിൽ ഈ പൾപ്പ് ഒഴിക്കും. രൂപം കൊള്ളുന്ന പേപ്പർ ചുളിവുകൾ ഇല്ലാത്ത തുണിയിലേക്ക് മാറ്റിയശേഷം തുണി തൂക്കിയിട്ട് ഉണക്കും. അടുത്ത ദിവസം ഉണങ്ങിയ പേപ്പർ തുണിയിൽ നിന്ന് അടർത്തിയെടുക്കും.

3. കല്യാണക്കുറി, വിസിറ്റിംഗ് കാർഡ്, മെമെന്റോ, ഉപഹാരങ്ങൾ, സ്റ്റേഷനറി എന്നിവയുടെ പാകത്തിന് മുറിക്കും. ഓഫ്സെറ്റ് പ്രിന്റിംഗ്, സ്ക്രീൻ പ്രിന്റിംഗ് എന്നിവ ചെയ്യാം. കമ്പ്യൂട്ടർ പ്രിന്ററുകൾക്ക് അനുയോജ്യമായ പേപ്പറും രൂപകല്പന ചെയ്തിട്ടുണ്ട്. കല്യാണുക്കറിക്ക്: 20-25 രൂപ

'കുളവാഴയുടെ പ്രശ്നത്തിന് നടുവിൽ നിന്ന് വരുന്ന കുട്ടനാട്ടുകാരി കല്യാണിയുടെ വേറിട്ട ചിന്ത അഭിനന്ദനീയമാണ്".

- പ്രൊഫ ഡോ. ജി. നാഗേന്ദ്രപ്രഭു,

സുവോളജി വിഭാഗം അസോ. പ്രൊഫസർ, എസ്.ഡി കോളേജ്