ആലപ്പുഴ: കുട്ടനാടിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട്, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുഖ്യമന്ത്രി ചെർമാനായി വിശാല കുട്ടനാട് വികസന അതോറിട്ടി രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി. ഐ.എ.എസ് ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫീസറാക്കി മങ്കൊമ്പ് കേന്ദ്രീകരിച്ചായിരിക്കണം പ്രവർത്തനം.

ആലപ്പുഴ, കോട്ടയം ജില്ലകളിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന ജനറൽ കൗൺസിലും ഇതിൽ നിന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയും എന്ന നിലയിലായിരിക്കണം അതോറിട്ടിയുടെ പ്രവർത്തനം നടത്തേണ്ടത് എന്നാണാവശ്യം.

നിലവിൽ വിവിധ വികസന ഏജൻസികൾ, സർക്കാർ-അർദ്ധ സർക്കാർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനം കാര്യക്ഷമല്ലാത്തതിനാൽ ജനങ്ങൾക്ക് ദുരിതകാലത്ത് ആശ്വാസ നടപടികൾ ലഭിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. വെള്ളപ്പൊക്കം, വേലിയേറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധി എന്നിവയെത്തുടർന്ന് ഓരോ വർഷവും ആയിരക്കണക്കിന് കോടി രൂപയുടെ കൃഷിനാശവും മറ്റു ദുരിതങ്ങളും കുട്ടനാട്ടിൽ പതിവാണ്. ഉപ്പുവെള്ളത്തിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കാൻ സ്ഥാപിച്ചിട്ടുള്ള തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ സേവനവും പലവിധ കാരണങ്ങളാൽ പൂർണ്ണമായി ലഭ്യമായിട്ടില്ല.

സഹായം ഉറപ്പാക്കാനാകണം

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായം ഉറപ്പാക്കാനാവണം

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവണം അതോറിറ്റിയുടെ പ്രവർത്തനം

കാർഷിക- കാലാവസ്ഥ- പ്രകൃതിസംരക്ഷണ മേഖലകളിലെ വിദഗ്ധരുടെ സേവനം ഉറപ്പുവരുത്തണം

പ്രവർത്തനപരിധി

അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം,കടുത്തുരുത്തി, വൈക്കം, കുട്ടനാട് എന്നീ നിയോജകമണ്ഡലങ്ങൾ

കുട്ടനാടിനെ രക്ഷിക്കാൻ

1.അച്ചൻകോവിൽ, മണിമല നദികളിൽ നിന്നുള്ള അധിക ജലം ഒഴുക്കിവിടണം

2.നദികളിലും തോടുകളിലും അടിഞ്ഞു കൂടിയ എക്കലും മണ്ണും നീക്കം ചെയ്യണം

3.വേമ്പനാട്ടുകായലിന്റെ ആഴം കൂട്ടണം,എ.സി കനാൽ പൂർണ്ണമായി തുറക്കണം

4.എ.സി കനാലിൽ ഹൗസ് ബോട്ടുകൾക്ക് തടസമില്ലാതെ സഞ്ചരിക്കാൻ സൗകര്യം ഒരുക്കണം

"ഐ.എ.എസ് ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫീസറാക്കി കുട്ടനാട് മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഗ്രേറ്റർ കുട്ടനാട് ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിക്കണം. വിഷയം നവകേരളസദസിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എത്തിച്ചിട്ടുണ്ട്

- കെ.കെ.ഷാജു, മുൻ എം.എൽ.എ