ആലപ്പുഴ: നവകേരള സദസ്സിനിടെ മാദ്ധ്യമപ്രവർത്തകനെ പൊലീസ് ആക്രമിച്ച സംഭവത്തിൽ പൊലീസ് നൽകിയത് വ്യാജ റിപ്പോർട്ടെന്ന് ആക്ഷേപം. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന റിപ്പോർട്ടാണ് ജില്ലാ പൊലീസ് കൈമാറിയതെന്നാണ് അറിയുന്നത്. നവകേരള സദസ്സ് ജില്ലയിലെ പള്ളിപ്പുറത്ത് എത്തിയപ്പോൾ മാധ്യമം ഫോട്ടോഗ്രാഫർ മനുബാബുവിനെ ചേർത്തല ഡിവൈ. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് അസഭ്യവർഷം നടത്തുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. മനുവിന്റെ സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത ഡിവൈ.എസ്.പി സ്‌കൂട്ടർ തള്ളി മറിച്ചിടുകയും ചെയ്തു.
സംഭവം സംബന്ധിച്ച് മനു ബാബു അന്നുതന്നെ മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ അധികൃതർ മനു ബാബുവിന്റെ മൊഴിയെടുത്തിരുന്നു. സംഭവത്തിന്റെ അഞ്ചാംദിവസം ജില്ലപൊലീസ് മേധാവി ഇടപെട്ടാണ് സ്‌കൂട്ടറിന്റെ താക്കോൽ മനുവിന് തിരികെ നൽകിയത്.