ph

കായംകുളം : കായംകുളത്ത് പുതുവത്സരാഘോഷത്തിനിടെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പിതാവിനും ഒപ്പമുണ്ടായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിയ്ക്കും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് നിർദ്ദേശം അവഗണിച്ച് റോഡിൽ യുവാക്കൾ പടക്കം പൊട്ടിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്.

കായംകുളം ഏരുവ തോട്ടുകടവിൽ വീട്ടിൽ അജയൻ -അശ്വനി ദമ്പതികളുടെ മകൻ അക്ഷയുടെ (9) പുറത്താണ് ലാത്തിയടിയേറ്റത്. ഇത് ചോദ്യം ചെയ്ത തന്നോട് ആക്രോശിച്ചുകൊണ്ട് പൊലീസ് മർദ്ദനം തുടർന്നതായി കുട്ടിയുടെ മാതാവ് പറഞ്ഞു. രാത്രിയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വീടിന് സമീപമുള്ള റോഡിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ അച്ഛനുമൊത്ത് എത്തിയപ്പോഴാണ് അക്ഷയ്ക്ക് മർദ്ദനമേറ്റത്. കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എരുവ കോയിക്കപടി ജംഗ്ഷനിൽ ന്യൂയർ ആഘോഷം നടക്കുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന രണ്ടു പൊലീസുകാർ പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ടത് നാട്ടുകാരുമായി തർക്കത്തിന് ഇടയാക്കി. പടക്കം പൊട്ടിയതോടെ കൂടുതൽ പൊലീസ് എത്തി തങ്ങളെ ലാത്തിക്ക് അടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

പലരേയും വീട്ടിൽക്കയറി ലാത്തിയ്ക്ക് അടിച്ചതായും പരാതിയുണ്ട്. മകനെ അടിച്ചതിനെതിരെ ചൈൽഡ് ലൈനിനും ഉന്നത പൊലീസ് അധികാരികൾക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് അക്ഷയുടെ മാതാപിതാക്കൾ പറഞ്ഞു. എന്നാൽ വിദ്യാർത്ഥിയ്ക്ക് അടിയേറ്റത് എങ്ങനെയാണെന്ന് അറിയില്ലെന്നും ഗതാഗതതടസം ഉണ്ടാക്കി ആഘോഷം നടത്തിയപ്പോൾ ലാത്തി വീശുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.