fayal-chithram

ചെന്നിത്തല: പുത്തുവിളപ്പടി-തൃപ്പെരുന്തുറ മഹാദേവക്ഷേത്രം റോഡിൽ സി.എസ്.ഡി മിലിട്ടറി കാന്റീൻ മൂലം ഉണ്ടാകുന്ന ഗതാഗത തടസം പരിഹരിക്കുന്നതിന് നവകേരള സദസസിൽ നൽകിയ പരാതിയിലൂടെ പരിഹാരം. സി.പി.എം ഒരിപ്രം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിയും പ്രദേശവാസിയുമായി ജി.ഗോപകുമാർ കഴിഞ്ഞ 16 ന് ചെങ്ങന്നൂരിൽ നടന്ന നവകേരള സദസിൽ നൽകിയ പരാതിയിലാണ് 15 ദിവസത്തിനുള്ളിൽ പരിഹാരമുണ്ടായത്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ കത്ത് ഇന്നലെ ഗോപകുമാറിന് ലഭിച്ചു. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനമുള്ളതായതിനാൽ ആ ഭാഗത്ത് നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായും സി.ആർ.വി മൊബൈൽ പെട്രോളിംഗ് ഡ്യൂട്ടിയിലുള്ളവർ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പെറ്റിക്കേസ് എടുക്കുന്നതുമാണെന്ന് ജില്ലാ പൊലീസ് മേധാവിയുടെ കത്തിൽ പറയുന്നു. ചെന്നിത്തലയിലെ അനധികൃത പാർക്കിംഗ് മൂലമുള്ള ഗതാഗത തടസം കൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന് ഗോപകുമാർ മുമ്പ് പരാതി നൽകിയിരുന്നു. പരാതി മന്ത്രി ആർ.ടി.ഒയ്ക്ക് കൈമാറിയതിന്റെ ഫലമായി കുറച്ചുകാലം പാർക്കിംഗിനെതിരെ നടപടികൾ സ്വീകരിച്ചിരുന്നു. വീണ്ടും റോഡുകൾ കയ്യേറിയുള്ള പാർക്കിംഗ് അധികരിച്ചതോടെയാണ് ഗോപകുമാർ നവകേരള സദസിൽ പരാതി നൽകിയത്. കാന്റീനിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥലമുള്ളപ്പോഴാണ് റോഡ് കൈയേറിയുള്ള അനധികൃത പാർക്കിംഗ്. കാന്റീനിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇതു കൂടാതെ സ്വകാര്യവ്യക്തികളുടെ പേയ്ഡ് പാർക്കിഗ് സൗകര്യവും ഇവിടെയുണ്ട്.