photo

ആലപ്പുഴ: നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ പാഴ് വസ്തുക്കൾ തരംതിരിക്കുന്ന യന്ത്രം നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. ഹൈസ്ക്കൂൾ വിഭാഗത്തിലെ ഐ.സി.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റിസ്ന്റെ 2024-25ബാച്ചിന്റെ കായംകുളം ഉപജില്ല ക്യാമ്പാണ് ആർട്ടിഫിഷ്യൽ ഇന്റലിജന്റിന്റെ സാധ്യതകൾ കുട്ടികൾക്ക് തുറന്നത്. നാല് ദിവസം നടന്ന ക്യാമ്പിൽ 136 കുട്ടികൾ പങ്കെടുത്തു. പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ മേഖലകളിൽ സ്കൂൾതലത്തിൽ മികവ് തെളിയിച്ചവരാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. കൈറ്റ് മാസ്റ്റർ ട്രെയിനർ ആശ നായർ, റിസോഴ്സ് പേഴ്സൺമാരായ കെ.സന്തോഷ്, എ.ഷീജ, എ.ദീന, ശരണ്യ ഡി.ശർമ്മ എന്നിവർ ക്ളാസ് നയിച്ചു.