ഹരിപ്പാട് : ചക്രവുംഅറയും, തേക്കൊട്ട, കുത്തുകാൽ, എഴ, പനമ്പായ, ചിക്കുപായ, കറ്റച്ചക്ക്, കലപ്പ, നുകം, അടിപ്പലക, പറ, ചങ്ങഴി... ഇവയെല്ലാം കാർഷിക ഉപകരണങ്ങളാണെന്ന് എത്രപേർക്ക് അറിയാം? പുതിയ തലമുറ ഇതൊന്നും കണ്ടിരിക്കാനേ സാദ്ധ്യതയില്ല. കാർഷിക മേഖലയിൽ യന്ത്രവത്കരണം സാധാരണമായതോടെയാണ് പരമ്പരാഗത ഉപകരണങ്ങൾ പടിയിറങ്ങിയത്.
കൃഷിയിടങ്ങളിൽ വെള്ളം കയറ്റാൻ ഉപയോഗിച്ചിരുന്നതാണ് പെട്ടിയും ചക്രവും.
ഒരാൾ ചവിട്ടുന്ന ചക്രവും രണ്ടാൾ ചവിട്ടുന്ന ചക്രവും ഉണ്ടായിരുന്ന കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ ഇപ്പോൾ ഇത് തറവാടുകൾക്കും റിസോർട്ടുകൾക്കും മുമ്പിലെ ആഢ്യത്വം തുളുമ്പുന്ന പ്രദർശന വസ്തുമാത്രമാണ്. മോട്ടോർ പമ്പുകളും ഫ്ലോട്ടിംഗ് പമ്പുകളും സാധാരണമായതോടെയാണ് ചക്രത്തിന്റെ പ്രവർത്തനം നിലച്ചത്. മരക്കലപ്പ കൊണ്ട് ഉഴുതുമറിച്ചും അടിപ്പലക കൊണ്ട് നിരപ്പാക്കിയും നിലമൊരുക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ട്രാക്ടറും ട്രില്ലറുമാണ്. അരിവാൾ ഉപയോഗിച്ച് കൈക്കൊയ്ത്ത് നടത്തിയിരുന്ന കുട്ടനാട്ടിൽ ഇപ്പോൾ കൊയ്ത്തുമെതി യന്ത്രങ്ങളുടെ മുരൾച്ചയാണ്.
ഞാറ് പറിച്ചു നട്ടിരുന്ന സ്ത്രീകളുടെ സ്ഥാനം നടീൽ യന്ത്രം കൊണ്ടുപോയി.
കുത്തുകാൽ നാട്ടി അതിൽ പിടിച്ചു നിന്നാണ് ആൺ, പെൺ വ്യത്യാസമില്ലാതെ നെൽകറ്റ ചവുട്ടി മെതിച്ചെടുത്തിരുന്നത്. ഈ നെല്ലിനെ പൊലിയെന്നാണ് വിളിച്ചിരുന്നത്. ഇന്നാകട്ടെ മെതിക്കളമില്ല, അളവുപകരണങ്ങളായ പറയും ചങ്ങഴിയുമൊക്കെ കളമൊഴിഞ്ഞു. പെട്ടി ത്രാസിന്റെ സ്ഥാനം ഇലക്ട്രോണിക്ക് ത്രാസ് പിടിച്ചെടുത്തു. കൃഷിയിടങ്ങൾ നികത്തി റോഡും ഫ്ളാറ്റും വന്നതോടെയാണ് ഞാറ്റു പാട്ടിനും കൊയ്ത്തുപാട്ടിനുമൊപ്പം പരമ്പരാഗത കാർഷിക ഉപകരണങ്ങളുടെ വിസ്മൃതിയിലായത്. കൃഷിയെന്നത് ഉപജീവനമെന്നതിനപ്പുറം ഇന്ന് പലർക്കും ഒരു
ബിസിനസാണ്. കൂടുതൽ വിളവും അധിക ലാഭവുമാണ് ലക്ഷ്യം. അതിന് പാരമ്പ്യത്തെ മറികടന്ന് യന്ത്രത്തെ കൂട്ടുപിടിക്കുകയേ നിവൃത്തിയുള്ളു.