ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്ത് 7, 8, 9 വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്ന് മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ പ്രസ്താവനയിൽ പറഞ്ഞു. ഈ വാർഡുകളിൽ കഴിഞ്ഞ ഒരു വർഷമായി കുടിവെള്ളക്ഷാമം അതിരൂക്ഷമായിരുന്നു. തുടക്കത്തിൽ മെമ്പർമാരുടെ നേതൃത്വത്തിൽ പണം കണ്ടെത്തി ടാങ്കറിൽ കുടിവെള്ളം എത്തിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടർ ഈ വാർഡുകൾ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. അതോടെ ഗ്രാമപഞ്ചായത്ത് ടാങ്കറിൽ വെള്ളം എത്തിക്കുന്നത് ഏറ്റെടുത്തു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ എട്ടാം വാർഡിലെ ഇളങ്ങള്ളൂരിൽ കുഴൽക്കിണർ സ്ഥാപിച്ചു. വയറിംഗ് , താല്ക്കാലിക ഷെഡ്, പൈപ്പിന്റെ ഇന്റർലിങ്കിംഗ് എന്നിവയാണ് പൂർത്തീകരിക്കാനുള്ളത്. ഇതിന്റെ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ ജലവിഭവ വകുപ്പിൽ അടച്ചതായും ജ്യോതിപ്രഭ പറഞ്ഞു.