ബുധനൂർ: രണ്ട് ദശാബ്ദക്കാലമായി കേരളീയ കലകൾ പുതുതലമുറയ്ക്ക് പകർന്നു നൽകുകയും കലാകാരന്മാർക്ക് വേണ്ട പ്രോത്സാഹനവും നൽകി വരുന്നതുമായ എണ്ണയ്ക്കാട് ഗ്രാമം സോപാനം ഗുരുകുലം കുടുംബസംഗമവും ഗുരുനാഥൻ പുതുപ്പള്ളി മണിയാശാൻ സ്‌മാരക സുവർണ്ണ മുദ്ര പുരസ്കാര സമർപ്പണവും 7ന് പുതുപ്പള്ളി മണിയാശാൻ നഗറിൽ (തോനക്കാട് സെന്റ് ജോർജ്ജ് ഓഡിറ്റോറിയം) നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് വിളംബര റാലി, തുടർന്ന് ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്‌പലതാ മധുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സോപാനം ഗുരുകുലം സെക്രട്ടറി ആർ.എൽ.വി ശ്യാം ശശിധരൻ സ്വാഗതം പറയും. പുതുപ്പള്ളി മണിആശാൻ സ്‌മാരക സുവർണ്ണ മുദ്ര പുരസ്‌കാരം തായമ്പക വിദ്വാൻ ഇരിങ്ങപ്പുറം ബാബുആശാന് മന്ത്രി സമ്മാനിക്കും. സോപാനം രക്ഷാധികാരി രവീന്ദ്രൻ എസ്.എഴുമറ്റൂർ, മുന്നോക്ക സമുദായ ക്ഷേമകോർപ്പറേഷൻ ഡയറക്‌ടർ ഫാ.ജിജി തോമസ് ഒലിവിയ, ജ്യോതിഷ പണ്‌ഡിതൻ ഹരി പത്തനാപുരം, പ്രൊഫ.പി.ഡി.ശശിധരൻ, എൻ.സുധാമണി, ജോൺ ഉളുന്തി, ജോർജ്ജ്കുട്ടി ജോയി, ഷൈലജ കൃഷ്‌ണൻ, ആർ.എൽ.വി അഖിൽദാസ് എന്നിവർ സംസാരിക്കും. സോപാനം പ്രസിഡന്റ് ആർ.എൽ.വി അഖിൽദാസ്, സെക്രട്ടറി ആർ.എൽ.വി ശ്യാം ശശിധരൻ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സലിൽ ചങ്ങനാശ്ശേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.