
അമ്പലപ്പുഴ : സി.ടി സ്കാനിംഗ് മെഷീൻ തകരാറിലായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ, അപകടത്തിൽ പരിക്കേറ്റ് പ്രവേശിപ്പിവർക്കടക്കം യഥാസമയം ചികിത്സ ലഭിക്കാതായി. ഇന്നലെ പുലർച്ചെ 3ഓടെയാണ് ആശുപത്രിയിലെ സ്കാനിംഗ് മെഷീൻ തകരാറിലായത്.
ആശുപത്രിയിൽ ആകെയുള്ള ഒരു ആംബുലൻസിൽ രോഗികളെ കയറ്റി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് സ്കാനിംഗ് നടത്തിയശേഷം തിരികെ മെഡിക്കൽ കോളേറ് ആശുപത്രിയിലേ കൊണ്ടുവരികയായിരുന്നു. അപകടത്തിൽപ്പെട്ടും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമായും എത്തിയവർ സ്വകാര്യ സെന്ററുകളിൽ പോയി വലിയതുക ചെലവഴിച്ച് സ്കാനിംഗ് നടത്തേണ്ടി വന്നു. 2020ൽ കൊവിഡ് കാലത്ത് ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രമാണ് നിലവിൽ ആശുപത്രിയിലുള്ളത്. 25 വർഷം പഴക്കമുണ്ടായിരുന്ന പഴയ യന്ത്രം നീക്കം ചെയ്തശേഷമാണ് ഇത് സ്ഥാപിച്ചത്. ദിനംപ്രതി 80ഓളം സ്കാനിംഗുകളാണ് ഇവിടെ നടത്തി വന്നിരുന്നത്.