അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തകഴി തെന്നടി പത്തിൽ ചിറ വീട്ടിൽ ജയ്സന്റെ മകനും പച്ച സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ ജിൻസാണ് (15) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 4.15 ഓടെ തകഴി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ക്ലാസ് കഴിഞ്ഞ് തിരുവല്ലയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.വിദ്യാർത്ഥി വീഴുന്നതു കണ്ട് ഒപ്പം ഉണ്ടായിരുന്ന സഹപാഠികൾ ബഹളം വെച്ചതിനെ തുടർന്ന് ബസു നിർത്തുകയും, ഇതേ ബസിൽ തന്നെ ജിൻസിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുഖത്തും കൈകാലുകൾക്കുമാണ് പരിക്ക്.