s

കുട്ടിയുടെ കൈ ഒടിഞ്ഞത് അമ്മ മൊബൈൽ ഫോണിനിടിച്ചപ്പോൾ

തുറവൂർ : ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച മാതാവും കാമുകനും പൊലീസ് പിടിയിലായി. ആലപ്പുഴ ജില്ലാ കോടതി വാർഡ് തെക്കേ വെളിംപറമ്പിൽ ദീപ (വൃന്ദ,33), കണിച്ചുകുളങ്ങര ചക്കുപറമ്പ് വീട്ടിൽ കൃഷ്ണകുമാർ (40) എന്നിവരെയാണ് ഇന്നലെ രാവിലെ അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ദീപയുടെയും കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡ് തുറവൂർ തൈവെളിയിൽ ബിജുവിന്റെയും മകനായ കൃഷ്ണജിത്താണ് ക്രൂരമർദ്ദനത്തിരിയായത്. ഇടതു കൈ ഒടിയുകയും ദേഹമാസകലം ചൂരലിന് അടിയേൽക്കുകയും ചെയ്ത കൃഷ്ണജിത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.കുട്ടിയുടെ നില മെച്ചപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ഭർത്താവായ ബിജുവിൽ നിന്നകന്ന് കഴിയുന്ന ദീപ രണ്ട് മാസമായി തിരുവിഴയിലെ വാടകവീട്ടിൽ കൃഷ്ണകുമാറുമൊത്തായിരുന്നു താമസം.

കൃഷ്ണജിത്തിന്റെ ഇടതുകൈയുടെ എല്ല് ഒടിഞ്ഞത് താൻ മൊബൈൽ ഫോണിന് ഇടിച്ചതിനാലാണെന്ന് ദീപ മൊഴി നൽകി. കുട്ടി കരഞ്ഞതിനെ തുടർന്ന് കൃഷ്ണകുമാർ ചൂരലിന് അടിച്ചതിനെ തുടർന്നാണ് ദേഹമാസകലം പാട് ഉണ്ടായതെന്ന് ഇരുവരും സമ്മതിച്ചു. ദീപയെ തിരുവിഴയിലെ വാടകവീട്ടിലെത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കുപ്രസിദ്ധ ഗുണ്ടാനേതാവ് വട്ടാൻ ഉണ്ണി എന്നയാൾക്കൊപ്പം പ്രവർത്തിക്കുന്ന കൃഷ്ണകുമാർ കഞ്ചാവ് വില്പനയടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

മർദ്ദനമേറ്റ കൃഷ്ണജിത്തിനെ ശനിയാഴ്‌ച വൈകിട്ട് ദീപയുടെ സഹായത്തോടെ കൃഷ്ണകുമാർ ബിജുവിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. രാത്രിയോടെ ജോലി കഴിഞ്ഞ് ബിജു വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ ദേഹമാസകലമുള്ള പരിക്ക് ശ്രദ്ധയിൽപ്പെട്ടതും ആശുപത്രിയിൽ എത്തിച്ചതും.