
ചേർത്തല : അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക പെരുന്നാളിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ മന്ത്റി പി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. പള്ളിയിൽ എത്തുന്നവരെ മുഴുവൻ സമയവും വാച്ച് ടവറിൽ നിന്ന് നിരീക്ഷിക്കും. ബീച്ച് സൈഡിലും സി.സി. ടി.വി കാമറകൾ സ്ഥാപിക്കും. അനാവശ്യ പാർക്കിംഗ് ഒഴിവാക്കും. വാഹനങ്ങൾ നിയന്ത്റിക്കാൻ സന്നദ്ധ സേനകളെ നിയോഗിക്കും.
വിശ്വാസികൾ കടലിൽ ഇറങ്ങുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനാൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കും.പെരുന്നാളുമായി ബന്ധപ്പെട്ട് നിശ്ചിത ദിവസങ്ങളിൽ മദ്യ നിരോധനം ഏർപ്പെടുത്തും. പള്ളിയുടെ പരിസര പ്രദേശങ്ങളിലും മറ്റും വ്യാജമദ്യം,നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും, വ്യാപനവും തടയുന്നതിനുള്ള നടപടികൾ എക്‌സൈസ് സ്വീകരിക്കും. .ചേർത്തല തെക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പള്ളിയുടെ പരിസരത്തുള്ള കാറ്റാടിയുടെ അടിക്കാട് വെട്ടിതെളിക്കും. പരിസ്ഥിതി സൗഹൃദമായി പെരുന്നാൾ നടത്തുന്നതിന് കച്ചവടക്കാർക്ക് നിർദ്ദേശം നല്കും. ഹരിത കർമ്മ സേനയുടെ സഹായത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുമെന്നും,പഞ്ചായത്തിന്റെ ബയോ ടോയ്ലറ്റ് സംവിധാനം ഉണ്ടാകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നത് സംബന്ധിച്ച് കച്ചവടക്കാർക്കുള്ള ക്ലാസ് പഞ്ചായത്ത് തലത്തിൽ നടത്തും. എല്ലാ ദിവസവും മെഡിക്കൽ വിഭാഗത്തിന്റെ പരിശോധന ഉണ്ടാകും ഫോഗിംഗ്,ക്ലോറിനേഷൻ എന്നിവയും ആംബുലൻസ് സർവീസും മുഴുവൻ സമയവും ഉണ്ടാകും. കെ.എസ്.ആർ.ടി.സി. അധിക സർവീസ് നടത്തും. യോഗത്തിൽ സബ് കളക്ടർ സമീർ കിഷൻ, എ.ഡി.എം എസ്.സന്തോഷ് കുമാർ,ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, അർത്തുങ്കൽ പള്ളി റെക്ടർ ഫാ.യേശുദാസ് കാട്ടുങ്കൽ തയ്യിൽ,ചേർത്തല തഹസിൽദാർ കെ.ആർ.മനോജ്, മറ്റ് ജന പ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.