അരൂർ:പൊതുസ്‌ഥലത്ത് മദ്യപിക്കുകയായിരുന്ന യുവ അഭിഭാഷകനെയും സുഹൃത്തിനെയും പട്രോളിങിനിടെ പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു. പുതുവർഷാഘോഷത്തിന്റെ ഭാഗമായി അരൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും സിവിൽ പൊലീസ് ഓഫിസറും ചേർന്ന് ഇരുചക്രവാഹനത്തിൽ കഴിഞ്ഞ ദിവസം രാത്രി പട്രോളിങ് നടത്തുമ്പോൾ എരമല്ലൂരിലായിരുന്നു സംഭവം. പൊതു സ്‌ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസിന് നേരെ മദ്യ ലഹരിയിലായിരുന്ന ഇവർ തട്ടിക്കയറുകയും എതിർക്കുകയുമായിരുന്നു. വിവരമറിഞ്ഞു സ്റ്റേഷനിൽ നിന്ന് രണ്ട് ജീപ്പിൽ കൂടുതൽ പൊലീസ് എത്തി. ഇരുവരെയും പിന്നീട് പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയി. ഇവരുടെ ഇരുചക്രവാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സംസ്‌ഥാന മന്ത്രിസഭയിൽ പുതുതായി ചുമതലയേറ്റ മന്ത്രിയുടെ അടുത്തയാളാണെന്നു പറഞ്ഞു പൊലീസിനോട് ഇവർ ഭീഷണിയും മുഴക്കി. കേസെടുത്തശേഷം ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.