
ആലപ്പുഴ : പക്ഷി നിരീക്ഷണത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരി മാവേലിക്കര പൊലീസ് സേനയിലെ വ്യത്യസ്തനാകുന്നു. കഴിഞ്ഞ 25വർഷത്തിനിടെ കേരളത്തിലും അയൽസംസ്ഥാനങ്ങളിലുമായി ഹരി നിരീക്ഷിച്ചത് 450ഇനം പക്ഷികളെയാണ്. പക്ഷിപ്രേമികൾക്കായി പത്തനംതിട്ട ബേഡേഴ്സെന്ന( PATHANAMTHITTA BIRDERS) കൂട്ടായ്മ രൂപീകരിച്ച ഹരിയ്ക്ക് ഫേസ്‌ബുക്ക് ഗ്രൂപ്പിലും ആയിരക്കണക്കിനാണ് ആരാധകർ.
മാവേലിക്കര കുന്നം കാട്ടൂർ തെക്കതിൽ ഹരി (47) ഇപ്പോൾ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒയാണ്. ജോലിയ്ക്ക് ഭംഗം വരാത്തവിധമാണ് സേനയ്ക്കൊപ്പമുള്ള പതിനേഴുവർഷമായി ഹരിയുടെ പക്ഷിനിരീക്ഷണം. ജോലിസമയം കഴിഞ്ഞാൽ പക്ഷികളെ തേടി കാടുകയറും.
ചേർത്തലയിൽ കോടതി ജീവനക്കാരിയായ ഭാര്യ ശാലിനിയും വയലാർരാമവർമ്മ സ്കൂൾ വിദ്യാർത്ഥിനിയായ മകൾ ശാലിനിയും പിന്തുണയുമായി ഒപ്പമുണ്ട്. 1997ൽ വനം വന്യജീവി കണക്കെടുപ്പിന്റെ ഭാഗമായപ്പോൾ മുതലാണ് ബി.എസ് സി സുവോളജി ബിരുദധാരിയായ ഹരിയുടെ മനസിൽ പക്ഷിനിരീക്ഷണം കൂടുകൂട്ടിയത്. കൊല്ലം കണ്ടച്ചിറയിൽ ദേശാടനപ്പക്ഷി നിരീക്ഷണത്തിനിടെ പരിചയപ്പെട്ട പക്ഷിനിരീക്ഷകൻ സുശാന്തിലൂടെ ഈ മോഹം ചിറകടിച്ചുയർന്നു. കാൽനൂറ്റാണ്ടിനിടെ പ്രശസ്ത പക്ഷിത്താവളങ്ങളിലേക്കെല്ലാം ഹരിയും പറന്നു. സുശാന്തിന്റെ നേതൃത്വത്തിലുള്ള വാർബ്ലേഴ്സ് ആൻഡ് വേഡേഴ്സ്( Warblers&Waders) എന്ന സംഘടന നടത്തിയ പക്ഷിസർവേകളും പഠനപരിപാടികളുമാണ് ഹരിയെ പക്ഷിപ്പഠിതാവാക്കിയത്.
വനംവകുപ്പ് നടത്തിയ നാട്ടുപക്ഷി,ഏഷ്യൻ നീർപക്ഷി, തീരപ്പക്ഷി, ആഴക്കടൽപക്ഷി പഠനങ്ങളിലും കണക്കെടുപ്പിലും പങ്കെടുത്തു. കേരള പക്ഷി ഭൂപട നിർമ്മാണത്തിലും പങ്കാളിയായി. കൂട്ടുകാർക്കിടയിൽ പക്ഷിഹരി എന്നറിയപ്പെടുന്ന ഹരിയുടെ ഇ മെയിൽ വിലാസവും pakshihari എന്നാണ്.
പുതുതലമുറയെയും ഒപ്പംകൂട്ടി
പുതുതലമുറയിൽ പ്രകൃതി സ്നേഹവും പക്ഷി - ജന്തുസ്നേഹവും വളർത്താൻ വിദ്യാർത്ഥികളും യുവാക്കളുമുൾപ്പെടെയുള്ളവരെ ഹരി കൂടെക്കൂട്ടുന്നുണ്ട്. മാന്നാർ, കുറത്തികാട്, വെൺമണി സ്റ്റേഷനുകളിൽ മുമ്പ് ജോലി ചെയ്തിരുന്ന ഹരി വേനൽക്കാലത്ത് പറവകൾക്ക് കുടിക്കാൻ വെള്ളം നൽകിയിരുന്നു. വീട്ടിൽ ബാത്ത് ടബ്ബും സജ്ജമാക്കിയിട്ടുണ്ട്. ശലഭങ്ങൾ, ഉരഗങ്ങൾ, മറ്റ് വന്യജീവികൾ എന്നിവയും ഹരിയുടെയും കൂട്ടരുടെയും നിരീക്ഷണത്തിലുണ്ട്.