
നടപ്പുവർഷം കയർഫെഡിന്റെ വിറ്റുവരവ് 58.63 കോടി രൂപയിലെത്തിയെന്ന് ടി.കെ.ദേവകുമാർ
ആലപ്പുഴ: വൈവിധ്യവൽക്കരണത്തിലൂടെ വളർച്ചയുടെ പുതിയ മേഖലകളിലേക്ക് കടക്കാൻ കയർഫെഡ് ഒരുങ്ങുന്നു. നടപ്പുവർഷം പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് ചരിത്ര മുന്നേറ്റമാണ് കയർഫെഡ് കാഴ്ചവെച്ചതെന്ന് പ്രസിഡന്റ് ടി. കെ ദേവകുമാർ പറഞ്ഞു. കയർ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ദീർഘകാല പദ്ധതികൾക്ക് കയർഫെഡ് രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം കയർ ഉത്പാദനത്തിലും വിപണനത്തിലും റെക്കാഡ് വർദ്ധന നേടി. മൊത്തം വിറ്റുവരവ് 58.63 കോടി രൂപയായി ഉയർന്നു.
സംസ്ഥാന സർക്കാരിന്റെയും മന്ത്രി പി.രാജീവിന്റെ ഇടപെടലുമാണ് പ്രതിസന്ധി മറികടക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് ആലപ്പുഴയിലും കോഴിക്കോടും പെട്രോൾ പമ്പുകൾ തുടങ്ങും. ആലപ്പുഴ കണ്ണൻവർക്കി പാലത്തിന് സമീപത്തെ കയർഫെഡ് ഷോറൂമിലും കോഴിക്കോട് ബീച്ച് റോഡിലുള്ള കയർഫെഡ് റീജിയണൽ ഓഫീസ് കോമ്പൗണ്ടിലുമാണ് പമ്പ് തുറക്കുക. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പുതിയ മെഡിക്കൽ സ്റ്റോർ തുറക്കും.
കയർ സംഭരണവും ഉത്പാദനവും വർദ്ധിപ്പിക്കാനാണ് ഈ വർഷം ലക്ഷ്യമിടുന്നത്. . കയറ്റുമതിയിലും മികച്ച വളർച്ചയാണെന്ന് ദേവകുമാർ പറഞ്ഞു.
വൈസ് പ്രസിഡന്റ് ആർ.സുരേഷ്, ജനറൽ മാനേജർ വി.ബിജു, മാർക്കറ്റിംഗ് മാനേജർ എം.അനുരാജ്, ഡെപ്യൂട്ടി ഫിനാൻസ് മാനേജർ ശശികുമാർ, പി.എ പ്രജീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വലിയ പദ്ധതികൾ
തിരുവനന്തപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 9,26,000 സ്‌ക്വയർ മീറ്റർ കയർഭൂവസ്ത്രം വിതരണം നടത്തി. പ്രധാന ഷോറൂമായ ആലപ്പുഴയിലെ കെട്ടിടം നവീകരിച്ച് മൂന്നുനില ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കും. താഴത്തെനിലയിലെ കടമുറികൾ വാടകയ്ക്ക് നൽകും. ഒന്നാംനിലയിൽ ഓഫീസും രണ്ടാംനിലയിൽ ഓഡിറ്റോറിയവുമാകും.