ആലപ്പുഴ: നവകേരള യാത്രയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ കോടതി നിർദ്ദേശപ്രകാരം കേസെടുത്ത് പത്ത് ദിവസം കഴിഞ്ഞെങ്കിലും പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാൻ ഹാജരാകാനുള്ള നോട്ടീസ് പോലും നൽകാതെ ആലപ്പുഴ സൗത്ത് പൊലീസ്.
കുറ്റാരോപിതരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സുരക്ഷാചുമതല വഹിക്കുന്ന എസ്.പിയ്ക്ക് ആലപ്പുഴ പൊലീസ് കത്ത് നൽകിയെങ്കിലും വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. കോടതി നിർദേശമുണ്ടായിട്ടും കേസ് അന്വേഷണം ഇഴയുന്നത് ഉന്നത രാഷ്ട്രീയ ഇടപെടൽ കാരണമാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യുവൽ കുര്യാക്കോസിന്റെ കൈ തല്ലിയൊടിക്കുകയും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിന്റെ തല അടിച്ചുപൊട്ടിക്കുകയും ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശാനുസരണമാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സെക്യൂരിറ്റി ഓഫീസർ സന്ദീപ് എന്നിവർക്കെതിരെ കേസെടുത്തത്.
വീഡിയോ ദൃശ്യങ്ങൾ തെളിവ്,
തിരക്കുന്നത് ഷൂട്ട് ചെയ്തവരെ
പ്രതികളെ വിളിപ്പിക്കുന്നതൊഴികെ മഹസർ തയ്യാറാക്കലും ദൃക് സാക്ഷികളുടെ മൊഴിയെടുക്കലുമെല്ലാം കേസിൽ പതിവുപോലെ തുടരുകയാണ്. സംഭവസമയത്ത് ജംഗ്ഷനിലുണ്ടായിരുന്നവരെയും വീഡിയോ ഷൂട്ട് ചെയ്തവരെയും കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. വീഡിയോ ദൃശ്യങ്ങൾ സംഭവത്തിൽ വ്യക്തമായ തെളിവായി അവശേഷിക്കെ വീഡിയോ ഷൂട്ട് ചെയ്തവരെയുൾപ്പെടെ സാക്ഷികളാക്കാനെന്ന പേരിലാണ് അന്വേഷിക്കുന്നത്. ചാനൽ കാമറമാൻമാരുൾപ്പെടെയുള്ളവർ സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്തിരുന്നു. കഴിഞ്ഞ 16ന് ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുക്കാൻ പോകുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷനിൽ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇവരെ കസ്റ്റഡിയിലെടുത്ത് റോഡിന്റെ വശത്തേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അകമ്പടി വാഹനത്തിൽ നിന്ന് ഗൺമാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി പൊതിരെ തല്ലിയത്.