
ആലപ്പുഴ: സർവ്വോദയപുരത്തിന് പിന്നാലെ, നഗരത്തിൽ മാലിന്യമലയായി മാറിയ മൂന്ന് കേന്ദ്രങ്ങൾ കൂടി ശുചിയാകുന്നു. ആലിശ്ശേരി, വഴിച്ചേരിയിലെ ആധുനിക അറവുശാല കെട്ടിടം, പഞ്ചകർമ്മ ആശുപത്രി കെട്ടിടം എന്നിവിടങ്ങളിൽ നിറഞ്ഞുകവിഞ്ഞു കിടക്കുന്ന ലോഡ് കണക്കിന് മാലിന്യമാണ് നീക്കം ചെയ്യുന്നത്.
മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ആദ്യം ക്ലീൻ കേരള കമ്പനിയുമായി ചർച്ച നടന്നെങ്കിലും, ജി.എസ്.ടി ഉൾപ്പടെ വലിയ തുക നൽകേണ്ടി വരുമെന്നത് തടസമായി. തുടർന്ന്, പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ലക്ഷണക്കണക്കിന് കിലോ വരുന്ന മാലിന്യം പൂർണമായി നീക്കുന്നതിന് നഗരസഭ താത്പര്യപത്രം ക്ഷണിച്ചു. ഇതനുസരിച്ചെത്തിയ എറണാകുളം ആസ്ഥാനമായ നോർത്താംസ് എന്ന ശുചിത്വമിഷൻ അംഗീകാരമുള്ള സ്വകാര്യ കമ്പനിയാണ് മാലിന്യം നീക്കി തുടങ്ങിയത്.
മാലിന്യങ്ങൾ തരംതിരിച്ച് നീക്കിത്തുടങ്ങി
1.ആദ്യഘട്ടമായി ആലിശ്ശേരി ഭാഗത്ത് കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്തു തുടങ്ങി
2.തുടർന്ന് അറവുശാല കെട്ടിടത്തിലെയും പഞ്ചകർമ്മ കെട്ടിടത്തിലെയും മാലിന്യം നീക്കം ചെയ്യും
3.പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റുള്ളവയും തരംതിരിച്ചാവും ശേഖരിക്കുക
4.ആലപ്പുഴയിൽ നിന്ന് കൊണ്ടുപോകുന്ന മാലിന്യം സിമന്റ് കമ്പനിക്ക് കൈമാറും
മാലിന്യം നീക്കം ചെയ്യുന്നതിന് കമ്പനിക്ക് നൽകേണ്ടത് (കിലോയ്ക്ക്)
പ്ലാസ്റ്റിക്ക് മാലിന്യം : 4.95രൂപ
ചെരുപ്പ്, ബാഗ് പോലുള്ളവ : 7.50രൂപ
ആദ്യം ശുചിത്വം, തുടർ പദ്ധതി പിന്നാലെ
ശുചിത്വ നഗരമെന്ന ഖ്യാതി സ്വന്തമാക്കിയ ആലപ്പുഴ നഗരസഭയ്ക്ക് പേരുദോഷമാണ് നഗരഹൃദയത്തിലെ മാലിന്യം നിക്ഷേപം. വർഷങ്ങളായി കൂട്ടിയിട്ടിരിക്കുന്നവ ആയതിനാൽ ഇവ തരം തിരിച്ച് നീക്കം ചെയ്യുന്നതിന് കൂടുതൽ സമയം ആവശ്യമാണ്. പൂർണമായി ശുചീകരിച്ച ശേഷമേ, വൃത്തിയാക്കുന്ന ഭാഗങ്ങളിൽ എന്ത് തുടർപദ്ധതി ചെയ്യാമെന്നത് സംബന്ധിച്ച് ചർച്ച നടക്കുകയുളളൂ.
മാലിന്യം ശേഖരിക്കുന്ന കമ്പനികൾക്ക് അങ്ങോട്ട് പണം നൽകിയാണ് ഇവ നീക്കം ചെയ്യേണ്ടത്. താത്പര്യപത്രം ക്ഷണിച്ചപ്രകാരം ക്വട്ടേഷനെടുത്ത സ്ഥാപനം മാലിന്യം തരംതിരിച്ച് നീക്കി തുടങ്ങി. കാലതാമസമില്ലാതെ നഗരത്തിലെ മാലിന്യമലകൾ നീക്കം ചെയ്യാനാകും
- കെ.കെ.ജയമ്മ, നഗരസഭാദ്ധ്യക്ഷ