മാന്നാർ: ആത്മബോധോദയ സംഘസ്ഥാപകനും അവതാരപുരുഷനുമായ ശുഭാനന്ദ ഗുരുദേവന്റെ കല്‌പനപ്രകാരം സർവദോഷ ശാന്തിക്കും ഈശ്വരാനുഗ്രഹത്തിനും ലോകസമാധാനത്തിനും വേണ്ടി കുട്ടംപേരൂർ ശ്രീശുഭാനന്ദാനന്ദാലയാശ്രമത്തിൽ നടത്തിവരാറുള്ള പന്ത്രണ്ടു വെള്ളിയാഴ്ച വ്രതസമാപനവും തീർത്ഥാടനവും ആശ്രമ മഠാധിപതി ശുഭാനന്ദശക്തി ഗുരുദേവന്റെ കാർമ്മികത്വത്തിൽ വെള്ളിയാഴ്‌ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇരുമുടിക്കെട്ടുമായും വാഹന ഘോഷയാത്രയായും നൂറുകണക്കിന് ഭക്തജനങ്ങളും സന്യസ്തരും പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 9ന് ശുഭാനന്ദ ഗുരുദേവന്റെ ഛായാചിത്രം ദേവരഥത്തിൽ അലങ്കരിച്ച് മുത്തുക്കുട, താലപ്പൊലി, ചെണ്ടമേളം, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ ആലുമ്മൂട് ശിവപാർവതിക്ഷേത്രത്തിൽ നിന്നാരംഭിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശ്രീശുഭാനന്ദാനന്ദാലയാശ്രമത്തിൽ എത്തിച്ചേരും. തുടർന്ന് ആശ്രമ മഠാധിപതി അനുഗ്രഹപ്രഭാഷണം നടത്തും. 11മുതൽ ഇരുമുടിക്കെട്ട് സമർപ്പണം, നേർച്ച സ്വീകരണം, ഗുരുദക്ഷിണ, പുഷ്പാർച്ചന, പ്രാർത്ഥന, സമൂഹസദ്യ എന്നിവ നടക്കും.
ഉച്ചക്ക് 2ന് ആശ്രമസെക്രട്ടറി പി.കെ.രാധാകൃഷ്‌ണൻറെ അദ്ധ്യക്ഷതയിൽ കൂടുന്ന തീർത്ഥാടന സമ്മേളനം പരുമലസെമിനാരി മാനേജർ ഫാ.കെ.വി പോൾ റമ്പാൻ ഉദ്ഘാടനം ചെയ്യും. ആശ്രമ ട്രഷറർ ബിനുശിവരാമൻ സ്വാഗതം പറയും. ആശ്രമ മഠാധിപതി ശുഭാനന്ദശക്തി ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തും. പാറശ്ശാല ശുഭാനന്ദ ദ്വാരകാശ്രമം മഠാധിപതി സ്വാമി സത്യാനന്ദജി, പി.എം.എ സലാം മുസ്‌ലിയാർ, മാന്നാർ അബ്ദുൽലത്തീഫ്, അവദൂത് ഗുരുപ്രസാദ്‌ജി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5ന് കൺവീനർ സാബുസേനന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സ്വാമിചിന്താനന്ദൻ അനുഗ്രഹ പ്രഭാഷണം നടത്തും. 5.30ന് ആദ്ധ്യാത്മിക സമ്മേളനം, 6.30മുതൽ ദീപാരാധന, ദീപക്കാഴ്ച, സമൂഹാരാധന. രാത്രി 9ന് ഭക്തിഗാന സുധ എന്നിവയോടെ സമാപിക്കും.