ആലപ്പുഴ: നഗരത്തിൽ മോഷണവും അക്രമവും അരങ്ങേറി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്.

ബീച്ചിൽ അടഞ്ഞുകിന്ന വീട്ടിൽ നിന്ന് സ്വർണ്ണവും പണവും ഇലക്ട്രിക് ഉപകരണങ്ങളും ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം) ജില്ലാകേന്ദ്രത്തിൽ നിന്ന് എൽ.ഇ.ഡി പ്രോജക്ടറും പാചകവാതക സിലണ്ടറും പാത്രങ്ങളും മോഷണം പോയ സംഭവങ്ങളിൽ അന്വേഷണം ശക്തമാക്കിയെന്ന് പറയുമ്പോഴും പ്രതികളിലേക്ക് എത്തിയിട്ടില്ല. ബീച്ചിൽ അഴിഞ്ഞ ദിവസം നടന്ന അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ഒരുകേസിലെ പ്രതികളെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ 21നാണ് ആലപ്പുഴ ബീച്ച് റോഡിൽ അനന്തരാജന്റെ ക്ളബ് ഹൗസിൽ നിന്ന് 18 പവനും 16000 രൂപയും കവർന്നത്. സംഭവത്തിൽ പ്രതികൾ അന്യസംസ്ഥാന തൊഴിലാളികളാണെന്ന സൂചന ലഭിച്ചെങ്കിലും ആ വഴിക്ക് അന്വേഷണം കാര്യമായി നടത്തുന്നില്ലെന്നാണ് ആക്ഷേപം. വീടിന്റെ മുൻവാതിൽ പൊളിച്ച മോഷ്ടാക്കൾ മൂന്ന് അലമാരകളും അതിലെ ലോക്കറുകളും കുത്തിത്തുറന്നാണ് പണവും സ്വർണവും കവർന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടാക്കൾ കൊണ്ടുപോയി. സമീപത്തെ വീടുകളിലെയും റിസോർട്ടുകളിലെയും സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് അന്യസംസ്ഥാന തൊഴിലാളികളാണ് സംഭവത്തിന് പിന്നിലെന്ന സൂചന ലഭിച്ചത്.

വാഹനത്തിന്റെ നമ്പർ കിട്ടിയിട്ടും അന്വേഷണം ഇഴയുന്നു
കഴിഞ്ഞ മാസം 23ന് രാത്രിയിലാണ് ദേശീയ ആരോഗ്യദൗത്യത്തിന്റെ (എൻ.എച്ച്.എം) ജില്ലാകേന്ദ്രത്തിൽ നിന്ന് എൽ.ഇ.ഡി പ്രോജക്ടറും പാചകവാതക സിലണ്ടറും പാത്രങ്ങളും മോഷണം പോയത്. സമീപത്തെ സി.സി.ടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവദിവസം രാത്രിയിൽ മോഷണ വസ്തുക്കൾ കടത്തിയെന്ന് സംശയിക്കുന്ന ഒരു വാഹനത്തിന്റെ നമ്പർ ലഭിച്ചിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയില്ല. വാഹനത്തിന്റെ ഉടമയെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. മോഷണത്തിന് സഹായം ചെയ്തു കൊടുത്തതിന് പിന്നിൽ എൻ.എച്ച്.എമ്മിലെ ജീവനക്കാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.