കായംകുളം: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കൈ അറ്റു. നാഗ്പൂർ സ്വദേശി രവി മിശ്ര (45) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. തിരുവനന്തപുരം - നിസാമുദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കായംകുളം സ്റ്റേഷനിലെത്തിയപ്പോൾ കുപ്പിവെള്ളം വാങ്ങാൻ ഇറങ്ങിയതായിരുന്നു രവി.

വെള്ളവുമായി തിരികെ എത്തിയപ്പോൾ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു.

ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. തത്ക്ഷണം ഇടത് തോൾ ഭാഗത്ത് നിന്ന് കൈ അറ്റു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് രവിയെ കോട്ടയം കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അറ്റുപോയ കൈ ഐസ് ബാഗിലാക്കി ഒപ്പം എത്തിച്ചു. രവിയുടെ സഹയാത്രികൻ അപകട വിവരമറിയാതെ യാത്ര തുടർന്നെങ്കിലും, പിന്നീട് ആലപ്പുഴ സ്റ്റേഷനിൽ ഇറങ്ങാൻ നിർദ്ദേശം നൽകുകയായിരുന്നു.