
അരൂർ : പുതുവത്സരാഘോഷത്തിനിടെ മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മൂന്നു പേർ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ 4 പ്രതികൾ പിടിയിലായി. എഴുപുന്ന പഞ്ചായത്ത് എട്ടാം വാർഡ് എരമല്ലൂർ കൃഷ്ണകൃപയിൽ കൃഷ്ണകുമാറിന്റെയും സുമയുടെയും മകൻ സുമേഷ് കൃഷ്ണൻ (37) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്.
ഡിസംബർ 31ന് രാത്രി ഒമ്പതരയോടെയാണ് എരമല്ലൂർ ചേന്നമന ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. എരമല്ലൂർ സ്വദേശികളായ സാജൻ, സുരേഷ്, ഷിജു എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
എരമല്ലൂർ ദേവി സദനത്തിൽ കണ്ണൻ (25), നന്ദനത്തിൽ മണിലാൽ (23), കുണ്ടേങ്ങിൽ പ്രവീൺ (25), ആലശ്ശേരിൽ അദീഷ് (25) എന്നിവരെയാണ് അരൂർ സി.ഐ പി.എസ്.ഷിജു, എസ്. ഐ. എം.ജെ.ആൻറണി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. വലിയ വടി കൊണ്ട് തലക്കടിച്ചതിനെ തുടർന്നാണ് സുമേഷ് കൃഷ്ണൻ മരിച്ചത്. അടിക്കാൻ ഉപയോഗിച്ച വടി ആക്രമണം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. സാജനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സാജന്റെ തുടയിൽ കത്തികൊണ്ട് മൂന്നു കുത്തേറ്റിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു സുമേഷ് കൃഷ്ണൻ. അവിവാഹിതനാണ്. സഹോദരി:സുമീര. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പള്ളുരുത്തി പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു.