muhammed-alsam

മാന്നാർ : മതമൈത്രിയുടെ പ്രതീകമായ ശബരിമല സന്നിധാനത്ത് വാവരുസ്വാമിയുടെ നടയിൽ സാഹോദര്യം ഊട്ടി ഉറപ്പിക്കുകയാണ് വാവര് കുടുംബത്തിലെ ഇളംതലമുറക്കാരനായ കർമ്മി അൽസാം(41). മാന്നാർ പാവുക്കര കരുവേലിൽ പരേതനായ അബ്ദുൽസലാം മുസ്ലിയാരുടെയും(രാജൻ) സുഹ്റുബാൻ ബീവിയുടെയും മകനായ അൽസാം,​ വാവരുസ്വാമി നടയിലെ പത്ത് കർമ്മികളിൽ ഒരാളാണ്.

അയ്യപ്പസ്വാമിയുടെ അംഗരക്ഷകനും ഉറ്റചങ്ങാതിയുമായിരുന്ന വാവരുടെ പിന്മുറക്കാരായിട്ടുള്ള പത്തനംതിട്ടയിലെ മല്ലപ്പള്ളി വായ്പ്പൂര് വെട്ടപ്ലാക്കൽ കുടുംബത്തിലെ പ്രതിനിധികളാണ് വാവരുനടയിൽ കർമ്മികളാവുന്നത്. വാവരുടെ ഊര് ലോപിച്ചാണ് വായ്പ്പൂര് ആയത് എന്നും ഐതീഹ്യവുമുണ്ട്. വെട്ടപ്ലാക്കൽ കുടുംബത്തിലെ തലമുതിർന്ന അംഗമാണ് മുഖ്യകർമ്മിയായി എത്തുന്നത്.

പഞ്ചകക്കൂട്ട്

പതിനെട്ടാംപടിക്ക് കിഴക്കുവശത്താണ് വാവരുനട. വാവരുടെ ഉടവാൾ സൂക്ഷിച്ചിരിക്കുന്ന ഇവിടെയിരുന്നാണ് കർമ്മി ഭക്തർക്ക് പ്രസാദം നൽകുന്നത്. അരി, ജീരകം, ചുക്ക്, കുരുമുളക്, ഏലക്ക എന്നീ പഞ്ചകക്കൂട്ടുകൾ കൊണ്ടുണ്ടാക്കിയതാണ് പ്രസാദം. ഇത് ഭക്തന്റെ ജലദോഷം, പനി തുടങ്ങിയ ശാരീരിക ക്ഷീണങ്ങൾക്കുള്ള മരുന്നു കൂടിയാണ്. പഞ്ചകക്കൂട്ട് കൂടാതെ ഭസ്മവും ചരടും ഇവിടെനിന്ന് നൽകാറുണ്ട്. വർഷങ്ങളായി വാവരുസ്വാമി നടയിലെ മുഖ്യകർമ്മിയായിരുന്ന വി.എസ്. അബ്ദുൽറഷീദ് മുസ്ലിയാർ അനാരോഗ്യത്താൽ ഇത്തവണ എത്താതിരുന്നതിനാലാണ് അൽസാമിന്‌ കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുചേർന്നത്.

വേരുകൾ വെങ്കലനാട്ടിലും

വാവരുകുടുംബത്തിലെ അമീർഖാളി മുസ്ലിയാരുടെ ഏഴുമക്കളിൽ ഒരാളായ സൈഫുദ്ദീൻ ബഹാദൂർ വാവരുവാവ മുസ്ലിയാർ(വായ്പൂർ മുസ്ലിയാർ) ആലപ്പുഴജില്ലയിലെ മാന്നാറിൽ വന്ന് താമസമാക്കിയതോടെയാണ് വാവരു കുടുംബത്തിന്റെ വേരുകൾ വെങ്കലനാട്ടിലേക്കും പടർന്നത്. അദ്ദേത്തിന്റെ മകനാണ് അൽസാമിന്റെ പിതാവ് അബ്ദുൽസലാം മുസ്‌ലിയാർ. 2002ൽ മകരവിളക്ക് കഴിഞ്ഞ് മാന്നാറിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ അദ്ദേഹം മരിച്ചു.

ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർക്കിടയിൽ വിദ്വേഷവും വൈരാഗ്യവും വർദ്ധിച്ചുവരുന്ന ഇക്കാലത്ത് ശബരിമല സന്നിധാനത്തിനും വാവരുസ്വാമി നടയ്ക്കും ഏറെ പ്രസക്തിയുണ്ടെന്ന് അൽസാം പറയുന്നു. സജിനയാണ് ഭാര്യ. മക്കൾ: ആസിം, അസ്‌ന.