ആലപ്പുഴ: ആയുർവേദ ആശുപത്രികളിൽ കിടപ്പുരോഗികളുടെ ഭക്ഷണത്തുകയും കുടിശികയായതോടെ കീശ കീറി മെഡിക്കൽ ഓഫീസർമാർ. ജില്ലാആയുർവേദ ആശുപത്രി ഉൾപ്പെടെ ജില്ലയിലെ അരഡസനിലധികം ഗവ.ആശുപത്രികളിൽ മാസങ്ങളായി മെഡിക്കൽ ഓഫീസർമാരുടെ കീശയിലെ പണംകൊണ്ടാണ് രോഗികളുടെ വിശപ്പ് അകറ്റുന്നത്.

നൂറ് കിടക്കകളുള്ള ജില്ലാആയുർവേദ ആശുപത്രിയിൽ ഉൾപ്പടെ ജില്ലയിൽ കിടത്തി ചികിത്സയ്ക്കായി 200 ഓളം കിടക്കകളാണുള്ളത്. ഇതിൽ ശരാശരി 165 ലധികം രോഗികൾ പ്രതിദിനചികിത്സയിലുണ്ട്.

അപകടത്തിൽ തലയ്ക്കും നട്ടെല്ലിനും ക്ഷതമേറ്റവർ, വാതരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ, നട്ടെല്ല്, കാൽമുട്ട് , കഴുത്ത് തുടങ്ങിയവയ്ക്ക് തേയ്മാനം വന്നവർ, കിടപ്പുരോഗികൾ തുടങ്ങി കിഴിയും തിരുമ്മലും ഉൾപ്പെടെ ചികിത്സകൾ ആവശ്യമുള്ളവരാണ് ആയുർവേദ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്നത്.

ഒരുരോഗിക്ക് ഒരുദിവസം ശരാശരി 70 രൂപയാണ് മൂന്നുനേരത്തെ ഭക്ഷണത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. ഭക്ഷണം തയ്യാറാക്കാനുള്ള വിഭവങ്ങളും ഗ്യാസും പാചകക്കാരന്റെ വേതനവും കൂടി കണക്കാക്കുമ്പോൾ ഈ തുക തികച്ചും അപര്യാപ്തമാണ്. ഈ തുക വർദ്ധിപ്പിക്കാൻ സർക്കാരോ ആശുപത്രികളുടെ മേൽനോട്ടച്ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങളോ തയ്യാറുമല്ല.

കീശ കീറി മെഡിക്കൽ ഓഫീസർമാർ

1.ആയുഷ് വകുപ്പിന് സർക്കാർ വകയിരുത്തുന്ന ഫണ്ടിൽ നിന്നാണ് രോഗികൾക്ക് ഭക്ഷണത്തിനുള്ള പണം നൽകുന്നതെങ്കിലും കഴിഞ്ഞ കുറേ മാസങ്ങളായി ഈ തുക കുടിശികയാണ്

2. ആശുപത്രി മാനേജിംഗ് കമ്മിറ്റിയോ ആശുപത്രികളുടെ ചുമതലയുള്ള മെഡിക്കൽ ഓഫീസർമാരോ സ്വന്തം കീശയിൽ നിന്ന് പണം മുടക്കേണ്ട അവസ്ഥയാണ്

മെനു

പ്രഭാത ഭക്ഷണം

പുട്ട്, ഉപ്പുമാവ്

ഉച്ചയ്ക്കും രാത്രിയിലും

കഞ്ഞിയും പയറും

ജില്ലയിലെ ആയുർവേദ

ആശുപത്രികൾ:11

ഒരുമാസം വേണ്ടത് :

ശരാശരി ₹3.5 ലക്ഷം

രോഗികളുടെ ആഹാരത്തിനുള്ള പണം ലഭിക്കുന്നതിന് കാലതാമസമുണ്ടാകാറുണ്ടെങ്കിലും ആശുപത്രികളിൽ ഭക്ഷണത്തിന് മുടക്കമില്ല. മെഡിക്കൽ ഓഫീസർമാരും ആശുപത്രി മാനേജിംഗ് കമ്മിറ്റിയും പണം മുൻകൂറായി നൽകാറുണ്ട്. അലോട്ട്മെന്റ് വരുമ്പോൾ തുക തിരികെ ഈടാക്കുന്നതാണ് രീതി

- ആയുഷ് വകുപ്പ്, ആലപ്പുഴ