
ആലപ്പുഴ: കായംകുളത്ത് സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 374ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ട ചേരാവള്ളി പൊതുമുഖത്ത് വടക്കതിൽ വീട്ടിൽ സ്റ്റീഫൻ വർഗീസ് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പത്തിയൂർ സ്പിരിറ്റ് കേസിലെ പിടികിട്ടാപ്പുള്ളി.
2023 മാർച്ച് 3ന് പത്തിയൂർകാല സജീഭവനം സജീവിന്റെ (40) വീട്ടിൽ നിന്ന് 2,135 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിലെ മുഖ്യപ്രതിയായ ഇയാൾ ഒളിവിൽ സ്പിരിറ്റ് ഇടപാട് നടത്തിവരികയായിരുന്നു. കഴിഞ്ഞ പത്തുമാസമായി തിരുവനന്തപുരം എക്സൈസ് ക്രൈംബ്രാഞ്ച് ഇയാൾക്കെതിരെ അന്വേഷണം നടത്തിവരികയാണെന്ന് അവകാശപ്പെടുമ്പോഴാണ് കായംകുളത്ത് നിന്ന് തന്നെ ഇയാളുടെ സ്പിരിറ്റ് വീണ്ടും പിടിക്കപ്പെട്ടത്. ജില്ലയുടെ തെക്കൻ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ വ്യാജമദ്യ റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞുു.
ഏതാനും മാസം മുമ്പ് ഹരിപ്പാട്ട് അടഞ്ഞുകിടന്ന വീട്ടിൽ നിന്ന്പിടികൂടിയ ആയിരത്തിലേറെ കുപ്പി വിദേശമദ്യവും ഇതേ റാക്കറ്റിന്റേതായിരുന്നുവെന്നാണ് എക്സൈസ് വെളിപ്പെടുത്തുന്നത്. അന്ന് കെട്ടിടഉടമയായ സുധീന്ദ്രലാലിനെ മാത്രമാണ് എക്സൈസിന് പിടികൂടാൻ കഴിഞ്ഞത്. ഒരുവർഷം മുമ്പ് വാടകയ്ക്കെടുത്ത പത്തിയൂർ സ്വദേശി ശ്രീകാന്തിന്റെ വീട്ടിലായിരുന്നു ഇന്നലെ പിടികൂടിയ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ശ്രീകാന്തിന്റെയും ഭാര്യയുടെയും പേരിലുള്ള വീട് റോഡിൽ നിന്ന് അൽപ്പം ഉള്ളിലേക്ക് മാറിയാണ്. വിശാലമായ മുറ്റമുള്ള വീട്ടിൽ ആഡംബരകാറുകളിലായിരുന്നു സ്പിരിറ്റ് എത്തിച്ചിരുന്നത്. വൻതുകയാണ് വീടിന് വാടകയായി നൽകിയിരുന്നത്.
കളർ ചേർത്ത് വിദേശമദ്യമാക്കും
സ്പിരിറ്റിൽ കളറും ഫ്ളേവറുകളും കലർത്തി വിദേശമദ്യമാക്കി വിൽപ്പന നടത്തുന്നതായിരുന്നു സ്റ്റീഫന്റെ രീതി. വ്യാജ ഹോളോഗ്രാമും ബിവറേജസിലെ അതേ വിലയും പതിച്ചായിരുന്നു വിൽപ്പന. ഉത്സവ സീസണായതോടെ കച്ചവടം വിപുലമാക്കാനുള്ള ശ്രമത്തിനിടെയാണ് സ്പിരിറ്റ് പിടിക്കപ്പെട്ടത്.പത്തിയൂരിലെ സ്പിരിറ്റ് കേസ് ഉൾപ്പെടെ ചെറുതും വലുതുമായ അരഡസനോളം കേസുകളിൽ സ്റ്റീഫൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് വെളിപ്പെടുത്തി.
പത്തിയൂർ കേസിൽ അറസ്റ്റിലായ സജീവ് മുമ്പ് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ജയിലിൽ വച്ചുള്ള പരിചയമാണ് സ്റ്റീഫനുമൊത്ത് വ്യാജവിദേശമദ്യ നിർമ്മാണത്തിന് സജീവിനെ പ്രേരിപ്പിച്ചത്. പ്രതിദിനം 1500 രൂപയ്ക്കായിരുന്നു സജീവന്റെ വീട് സ്റ്റീഫൻ അന്ന് വാകടയ്ക്കെടുത്തിരുന്നത്. കായംകുളത്ത് സ്പിരിറ്റ് കടത്താനുപയോഗിച്ച കാറിന്റെയഥാർത്ഥ ഉടമസ്ഥനെ കണ്ടെത്താൻ എക്സൈസ് ശ്രമം തുടങ്ങിയിട്ടുണ്ട്. സ്റ്റീഫനെ പിടികൂടാൻ ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡും രൂപീകരിച്ചു.