s

തുറവൂർ: ജില്ലയിലെ വടക്കൻഭാഗങ്ങളിലെ പ്രധാന ഗവ.ആശുപത്രികളിൽ പോസ്റ്റ്‌മോർട്ടം നടത്താനുള്ള സൗകര്യമില്ലാതായതോടെ, അപകടങ്ങളിലടക്കം മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്തു കിട്ടാനായി അയൽജില്ലകളിലെ ആശുപത്രികളെയോ കിലോമീറ്ററുകൾ താണ്ടി വണ്ടാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയെയോ ആശ്രയിക്കേണ്ടി വരുന്നു. സമയനഷ്ടത്തിന് പുറമേ ആംബുലൻസ് അടക്കമുള്ളവ ഏർപ്പെടുത്തുന്നതിലെ സാമ്പത്തിക നഷ്ടം സാധാരണക്കാരെ ബാധിക്കുന്നുണ്ട്.

ചേർത്തല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, തുറവൂർ താലൂക്ക് ആശുപത്രി, അരൂക്കുറ്റി സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ മോർച്ചറിയുടെ പ്രവർത്തനം നിലച്ചതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. മുഹമ്മ, തൈക്കാട്ടുശേരി എന്നീ ഗവ.ആശുപത്രികളിലും ആദ്യകാലത്ത് മോർച്ചറി സൗകര്യം ഉണ്ടായിരുന്നതാണെങ്കിലും കാലക്രമേണ അത് നിലച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളെയാണ് ഇപ്പോൾ പോസ്റ്റ്മോർട്ടത്തിനായി മേഖലയിലുള്ളവർ ആശ്രയിക്കുന്നത്.

തുറവൂർ ഗവ.താലൂക്ക് ആശുപത്രി

ദേശീയപാതയോരത്തുള്ള പ്രധാന ആശുപത്രിയായ ഇവിടെയാണ് താലൂക്കിൽ പോസ്റ്റ്മോർട്ടം ആദ്യം നിലച്ചത്. ഫ്രീസർ സൗകര്യമില്ലാത്തതും ശോച്യാവസ്ഥയിലായതുമായ മോർച്ചറിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷത്തോളമായി. കിഫ്ബി ഫണ്ടിൽ നിന്ന് 50 കോടിയോളം രൂപ മുടക്കി നിർമ്മിക്കുന്ന ബഹുനില കെട്ടിടം പൂർത്തിയാകുന്നതു വരെ മോർച്ചറിയില്ലാത്ത താലൂക്കാശുപത്രിയായി തുറവൂർ തുടരും.

ചേർത്തല താലൂക്ക് ആശുപത്രി

ഇവിടുത്തെ മോർച്ചറിയിൽ നിത്യേന നിരവധി പോസ്റ്റ്‌മോർട്ടം നടന്നിരുന്നതാണ്. കിഫ്ബി ഫണ്ടിലുൾപ്പെടുത്തി 58.06 കോടി രൂപ ചെലവിട്ട് പുതിയ ബഹുനില ബ്ലോക്ക് നിർമ്മിക്കാൻ തീരുമാനിച്ചതോടെയാണ് ഒരു വർഷത്തിന് മുൻപ് പഴയ മോർച്ചറി കെട്ടിടം പൊളിച്ചത്. ഇതിന്റെ സ്ഥാനത്ത് പണിയുന്ന പുതിയ കെട്ടിടത്തിലാണ് ഇനി മോർച്ചറിയുടെ പ്രവർത്തനം തുടങ്ങേണ്ടത്..2022 ഒക്ടോബറിലാണ് കെട്ടിടം നിർമ്മാണത്തിന്റെ ടെണ്ടർ നടപടി പൂർത്തിയായത്.

അരൂക്കുറ്റി സാമൂഹ്യാരോഗ്യകേന്ദ്രം

പോസ്റ്റ്‌മോർട്ടത്തിനുശേഷം രക്തവും മാലിന്യങ്ങളും വെള്ളമൊഴിച്ച് ഒഴുക്കി കളയാൻ സൗകര്യമില്ലാത്തതിനാൽ കഴിഞ്ഞ ഡിസംബറിൽ മോർച്ചറി അടച്ചുപൂട്ടി. മേഖലയിൽ കഴിഞ്ഞ ആറ് മാസമായി പോസ്റ്റ്മോർട്ടം നടന്നിരുന്ന ഏക ആശുപത്രിയായിരുന്നു ഇത്. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിലുൾപ്പെടുത്തി മോർച്ചറിക്കായി ഡ്രെയിനേജ് സൗകര്യമുൾപ്പടെയുള്ള നവീകരണ ജോലികൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസത്തിനുള്ളിൽ മോർച്ചറിയുടെ പ്രവർത്തനം പുനരാംഭിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.

ആധുനിക സൗകര്യങ്ങളോടെയുള്ള മോർച്ചറിയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. രണ്ടുമൂന്ന് മാസത്തിനുള്ളിൽ മോർച്ചറിയുടെ സേവനം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇവിടെ മോർച്ചറിയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഒരു ജീവനക്കാരനെയും ഫ്രീസറും അരൂക്കുറ്റി ആശുപത്രി മോർച്ചറിയിലേക്ക് നേരത്തെ മാറ്റിയിരുന്നു

- ഡോ.സുജ, സൂപ്രണ്ട് , താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ചേർത്തല