
മാവേലിക്കര : മകന് പോളണ്ടിൽ ജോലി വാങ്ങികൊടുക്കാമെന്ന് പറഞ്ഞ് തഴക്കര സ്വദേശിനിയിൽ നിന്ന് പണം തട്ടിയെടുത്ത യുവാവിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ഇരിങ്ങാലക്കുട മനിശ്ശേരി കുണ്ടൂർ വീട്ടിൽ നിന്നും മാവേലിക്കര കൊറ്റാർകാവ് ഊരുകടവിൽ വീട്ടിൽ താമസിക്കുന്ന അശ്വിൻ (27) ആണ് പിടിയിലായത്. തഴക്കര സ്വദേശിനിയുടെ മകന് പോളണ്ടിൽ ജോലി വാങ്ങി നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു പണം വാങ്ങിയെടുത്ത ശേഷം ജോലി വാങ്ങി നൽകാതെ അശ്വിൻ ഒളിവിൽപോകുകയായിരുന്നു.
പണം തിരികെ നൽകാതെ വന്നതിനെ തുടർന്ന് മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പ്രതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ കോടതി ഉത്തരവിട്ടെങ്കിലും അശ്വിൻ ഒളിവിൽപ്പോയി. പ്രതിയെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി. എം.കെ.ബിനുകുമാറിന്റെ മേൽനോട്ടത്തിൽ മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഒളിവിൽ കഴിഞ്ഞത് വാടകവീടുകളിലും ലോഡ്ജിലും
വാടക വീടുകളിലും ലോഡ്ജുകളിലും മാറി മാറിയാണ് അശ്വിൻ ഒളിവിൽ കഴിഞ്ഞുവന്നത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് ഭാഗത്ത് ഒരു വാടക വീട്ടിൽ ഇയാൾ ഉള്ളതായി വിവരം ലഭിച്ചതിനെത്തുടർന്ന് മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള പൊലീസ് സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്.ഐ ഉദയകുമാർ,എ.എസ്.ഐ. അനിൽ കുമാർ എം.എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജു, സജുമോൾ, അരുൺ ഭാസ്കർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. അശ്വിനെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട്കോടതിയിൽ ഇന്ന് ഹാജരാക്കും.