
അമ്പലപ്പുഴ: കമ്പിവളപ്പിലെ ഖാദിരിയ്യ റോഡ് തകർന്ന് തോടായി രൂപാന്തരപ്പെട്ടിട്ട് പത്ത് വർഷം പിന്നിട്ടിട്ടും പുനരുദ്ധാരണം തുലാസിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12-ാം വാർഡിലെ ഖാദിരിയ്യ റോഡ് നാട്ടുകാരുടെ ഏക യാത്രാമാർഗമാണ് . ഇതു വഴി സൈക്കിളിലെത്തുന്ന വിദ്യാർത്ഥികളും ഇരു ചക്ര വാഹനങ്ങളിലെത്തുന്നവരും അപകടത്തിൽപ്പെടുന്നത് നിത്യ കാഴ്ചയാണ്. കാലവർഷത്തിലാണ് ഇവിടെ ഏറെ ദുരിതം . ഇതുവഴി സഞ്ചരിക്കണമെങ്കിൽ വള്ളം വേണ്ട അവസ്ഥയാണ് നിലവിൽ. അപകടങ്ങൾ പതിവായപ്പോൾ നാട്ടുകാർ ഗ്രാവലിറക്കി കുറച്ചു ഭാഗം ഉയർത്തിയിരുന്നു. തുടർന്ന് അധികൃതർക്ക് നിവേദനങ്ങളും സമരങ്ങളും നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മൂന്നോറോളം കുട്ടികൾ പഠിക്കുന്ന മദ്രസ, അങ്കണവാടി, പള്ളി എന്നിവ ഈ റോഡിനരികിൽ പ്രവർത്തിക്കുന്നുണ്ട്. തകർന്ന റോഡുകൾ പുനർനിർമ്മിച്ച് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.