ചേർത്തല:ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ, ജില്ലാ സ്‌പോർട്ട്സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 6ന് രാവിലെ 10 മുതൽ ചേർത്തല എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ആംറസ്ലിംഗ് അസോസിയേഷേൻ ജില്ലാ പ്രസിഡന്റ് കെ.എസ്.അഷറഫ്, ജനറൽ സെക്രട്ടറി വി.ബി.സലീഷ് കുമാർ, കെ.ജെ. ജോസഫ്, പി.എസ്. ഹരികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ രജിസ്‌ട്രേഷനും ഭാരനിർണയവും നടക്കും. 2ന് ചേർത്തല നഗരസഭ അദ്ധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് സമ്മാനദാനം നിർവഹിക്കും.
സബ് ജൂനിയർ,ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റേഴ്സ്,ഗ്രാന്റ് മാസ്റ്റേഴ്സ് എന്നിങ്ങനെ പുരുഷ –വനിത വിഭാഗങ്ങളിലായി 250 ഓളം താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. താരങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും താരങ്ങൾ ഹാഫ് ടീ ഷർട്ട്, ട്രാക്ക് പാന്റ്, ഷൂസ് എന്നിവ ധരിക്കണം. പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. ജില്ലാ സ്‌പോർട്ട്സ് കൗൺസിൽ ഒബ്സർവർ കെ.ആർ.ബ്രിജിത്തിന്റെ നിരീക്ഷണത്തിലാണ് മത്സരങ്ങൾ നടക്കുക. മത്സരങ്ങളിൽ 1,2,3 സ്ഥാനങ്ങൾ നേടുന്നവർക്ക് 29 മുതൽ പാലയിൽ നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.