ആലപ്പുഴ: നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ രണ്ടാഴ്ചമുമ്പ് നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ നടത്തിയ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധം സംഘർഷത്തിൽകലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൗൺസിലർ ഉൾപ്പെടെയുള്ള എ.ഐ.വൈ.എഫ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. ചാത്തനാട്, മന്നത്ത്, തോണ്ടൻകുളങ്ങര പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചാത്തനാട് കൗൺസിലർ കെ.എസ്.ജയൻ, എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.കണ്ണൻ, വൈസ് പ്രസിഡന്റ് ഷമീറ ഹാരിസ്, ആലപ്പുഴ മണ്ഡലം സെക്രട്ടറി നിജു തോമസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നവാസ് ബഷീർ, കെ.എം.അഭിലാഷ്, നേതാക്കളായ ഷമീർ സുലൈമാൻ, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിൽ സമരം നടത്തിയത്. ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിനിടെ ഗ്ളാസും ഉപകരണങ്ങളും തർത്തതിന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ, ജോലിതടസപ്പെടുത്തൽ കുറ്റങ്ങൾ ചമത്തി കേസ് എടുത്തു. കോടതിയിൽ ഹാജരാക്കിയ സമരക്കാരിൽ ഷെമീറ ഹാരിസിന് മാത്രം ജാമ്യം അനുവദിച്ചു. മറ്റുള്ളവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
നടപടി പ്രതിഷേധാർഹം: ടി ജെ ആഞ്ചലോസ്
ആലപ്പുഴ: നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത എ.ഐ.വൈ.എഫ് പ്രവർത്തകരെ കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ചതിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രതിഷേധിച്ചു.