
ആലപ്പുഴയിലെ ആദ്യ രഞ്ജിട്രോഫി മത്സരം നാളെ മുതൽ
ആലപ്പുഴ: ആലപ്പുഴയുടെ മണ്ണിൽ ആദ്യമായി അരങ്ങേറുന്ന രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരം നാളെ മുതൽ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ അരങ്ങേറും. ആതിഥേയരായ കേരളവും ഉത്തർ പ്രദേശും തമ്മിലാണ് മത്സരം. ടീമുകൾ എത്തി പരിശീലനം തുടങ്ങിയതോടെ ക്രിക്കറ്റ് പ്രേമികൾ ആവേശത്തിലായി.
നാളെ രാവിലെ 9.30ന് മത്സരം ആരംഭിക്കും. രാജ്യാന്തര ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടിയ കേരള ടീം നായകൻ സഞ്ജു സാംസൺ അടക്കമുള്ളവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷയിലാണ് ആരാധകർ. ഇന്ത്യൻ താരങ്ങളായ റിങ്കുസിംഗ്, കുൽദീപ് യാദവ് അടക്കമുള്ളവർ യു.പിക്കുവേണ്ടി കളത്തിലിറങ്ങും.
കേരള ടീമിന്റെ ക്യാമ്പുകൾ സ്ഥിരമായി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടക്കാറുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ രഞ്ജി മത്സരത്തിന് ബി.സി.സി.ഐ അനുമതി നൽകുന്നത്. ജലജ് സക്സേന, എൻ.പി.ബേസിൽ, ബേസിൽ തമ്പി, അക്ഷയ് ചന്ദ്രൻ, ശ്രേയസ് ഗോപാൽ, അനന്തകൃഷ്ണൻ, കൃഷ്ണപ്രസാദ്, രോഹൻ കുന്നുമ്മൽ, എം.ഡി.നിധീഷ്, രോഹൻ പ്രേം, സച്ചിൻ ബേബി, വൈശാഖ് ചന്ദ്രൻ, വിഷ്ണു വിനോദ്, സുരേഷ് വിശ്വേശ്വർ, വിഷ്ണുരാജ് തുടങ്ങിയവർ കേരള ടീമിലുണ്ട്. 2018-19 സീസണിൽ സെമി ഫൈനലിലെത്തിയതാണ് രഞ്ജിയിലെ കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2017ൽ ക്വാർട്ടറിലെത്തിയിരുന്നു.
രാജ്യാന്തര നിലവാരമുള്ള പിച്ച്
2008 മുതൽ എസ്.ഡി കോളജ് ഗ്രൗണ്ട് കേരള ക്രിക്കറ്റ് അസോസിയേഷനാണ് (കെ.സി.എ) പരിപാലിക്കുന്നത്. ഈ വർഷം വീണ്ടും കരാർ പുതുക്കി. 18 വർഷംകൂടി കെ.സി.എക്കായിരിക്കും ഗ്രൗണ്ടിന്റെ മേൽനോട്ടം. രാജ്യാന്തരനിലവാരമുള്ള പിച്ചും ഔട്ട്ഫീൽഡുമാണ് ഒരുക്കിയിട്ടുള്ളത്. ഒമ്പത് പിച്ചുകളുണ്ട്. ശരാശരി 70 മീറ്ററാണ് ബൗണ്ടറികളിലേക്കുള്ളത്. ബർമുഡ പുല്ലാണ് ഗ്രൗണ്ടിൽ നട്ടുവളർത്തിയത്. മഴ പെയ്താൽ ഗ്രൗണ്ടിലെ വെള്ളം ഒപ്പിയെടുക്കുന്ന സൂപ്പർ സോപ്പറടക്കമുള്ള ആധുനികസൗകര്യങ്ങൾ മൈതാനത്തുണ്ട്.