മാന്നാർ : പുതുവത്സര രാത്രിയിൽ യുവാവിനെ മർദ്ദിച്ചയാളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി വൈരപ്പുറത്ത് മാത്യു (കുഞ്ഞുമോൻ-54) വിനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ കുരട്ടിശ്ശേരി മാന്തറയിൽ അഭിലാഷ് (42)നാണ് മർദനമേറ്റത്. പുതുവത്സര തലേന്ന് രാത്രിയിൽ മാത്യുവിന്റെ വീടിന് മുന്നിലെ റോഡിലൂടെ അഭിലാഷും സുഹൃത്തും പോകവേ വീട്ടിൽ വലിയ രീതിയിലുള്ള ബഹളം നടക്കുന്നത് കണ്ട് അവിടേക്ക് നോക്കി. ഇത് ചോദ്യം ചെയ്താണ് മാത്യു അഭിലാഷിനെ മർദിച്ചത്. അഭിലാഷിന് മുഖത്തും വലതു കണ്ണിനും പരിക്കേറ്റു. വലതു കണ്ണിനു താഴെ അസ്ഥിക്ക് പൊട്ടൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.മാന്നാർ സി.ഐ ജോസ് മാത്യു, എസ്.ഐ സി.എസ്. അഭിരാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു